കൊൽക്കത്ത: രാജ്യത്തെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു . കൊൽക്കത്തയിൽ നടന്ന പൊതുപരിപാടിയിലാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. കൊൽക്കത്ത മെട്രോയുടെ ഹൗറ മൈതാൻ -എസ്പ്ലാനോഡ് സെക്ഷനാണ് പ്രധാനമന്ത്രി ഉദ്ഘാടനം ഫ്ലാഗ് ഓഫ് ചെയ്തത്.
അണ്ടർ ഗ്രൗണ്ടിലുള്ള മൂന്നെണ്ണമടക്കം ആറ് സ്‌റ്റേഷനുകളാണ് പാതയിലുള്ളത്. ഹൗറ മൈതാൻ, ഹൗറ സ്‌റ്റേഷൻ കോംപ്ലക്‌സ്, ബിബിഡി ബാഗ് (മഹാകരൺ) എന്നിവയാണ് ഈസ്റ്റ് -വെസ്റ്റ് മെട്രോയുടെ ഗ്രീൻ ലൈനിലെ മൂന്ന് സ്‌റ്റേഷനുകൾ. കൊൽക്കത്ത മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (KMRCL) ആയിരുന്നു നിർമ്മാണ ചുമതല. 10.8 കിലോമീറ്റർ ദൂരവും വെള്ളത്തിനടിയിലാണ്.
45 സെക്കൻഡ് കൊണ്ട് ഹൂഗ്ലി നദിക്ക് താഴെയുള്ള 520 മീറ്റർ ദൂരം മെട്രോ കുതിക്കും. സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും താഴെയായി സ്ഥിതിചെയ്യുന്ന മെട്രോ സ്‌റ്റേഷനാണ് ഹൗറ. ഉപരിതലത്തിൽ നിന്ന് 33 മീറ്റർ താഴ്ചയിലാണ് സ്റ്റേഷനുള്ളത്. ഹൗറ മൈതാനത്തെ രാജർഹട്ടുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈസ്റ്റ് വെസ്റ്റ് മെട്രോ പദ്ധതിയുടെ ഭാഗമാണിത്.