FinanceNews

സ്വർണ വില കുതിപ്പ് തുടരുന്നു; പവന് 200 രൂപ വർദ്ധിച്ച് 63440 രൂപ

കൊച്ചി: റെക്കോഡുകൾ ഭേദിച്ച് സംസ്ഥാനത്തെ സ്വർണ വില കുതിപ്പ് തുടരുന്നു. വ്യാഴാഴ്ച്ച പവന് 200 രൂപ വർദ്ധിച്ച് 63440 രൂപയിലെത്തി. ഇന്നും ഗ്രാമിന് 25 രൂപ വർധിച്ച് വില 7,930 രൂപയായി. സ്വർണാഭരണം വാങ്ങുമ്പോൾ GST (3%), ഹോൾമാർക്ക് ഫീസ് (53.10 രൂപ), പണിക്കൂലി എന്നിവയും നൽകണം. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് 3 മുതൽ 30% വരെയൊക്കെയാകാം.

മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ പോലും ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ കേരളത്തിൽ 68,665 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,584 രൂപയും.

ബുധനാഴ്ച പവന് 760 രൂപ ഉയർന്ന് 63,240 രൂപയായിരുന്നു. ഗ്രാമിന് 95 രൂപ കൂടി 7,905 രൂപയിലെത്തി റെക്കോഡ് നിരക്കായിരുന്നു ഇന്നലത്തേത്. ചൊവ്വാഴ്ച രേഖപ്പെടുത്തിയ 63,240 രൂപയാണ് ബുധനാഴ്ച്ച മറികടന്നത്.

വില ഉയർന്നതോടെ ഒരു പവൻ ആഭരണം വാങ്ങാൻ കുറഞ്ഞ പണിക്കൂലിയും ജി.എസ്.ടി.യും എച്ച്.യു.ഐ.ഡി. നിരക്കും ഉൾപ്പെടെ ഏതാണ്ട് 68,500 രൂപ നൽകണം. വില ഉയരുന്നത് കല്യാണ വിപണിക്ക് അടക്കം തിരിച്ചടിയായി. അതേസമയം, വിലവർധന തുടരുന്ന സാഹചര്യത്തിൽ മുൻകൂർ ബുക്കിങ്ങിന് ഡിമാൻഡ് ഏറിയിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യു.എസ്. – ചൈന വ്യാപാര യുദ്ധമാണ് വിലവർധനയ്ക്കുള്ള പ്രധാന കാരണം. കൂടാതെ, ഡോളർ ശക്തമാകുന്നതും വിലയെ സ്വാധീനിച്ചു. ഇതോടെ ഉപഭോക്താക്കൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്കുള്ള നിക്ഷേപം ഉയർത്തി.

അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 2,867 ഡോളറിലായിരുന്നു ബുധനാഴ്ച വ്യാപാരം. വെള്ളി വിലയും ഉയർന്ന നിലയിലാണ്. കേരളത്തിൽ ഒരു ഗ്രാം വെള്ളിക്ക് രണ്ട് രൂപ വർധിച്ച് വില 106 രൂപയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *