കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ രണ്ടാം വർഷ വിദ്യാർഥി സിദ്ധാർഥൻ 4 ദിവസത്തോളം ക്രൂരമർദനത്തിനും ആൾക്കൂട്ട വിചാരണയ്ക്കും ഇരയായിട്ടും ഒന്നുമറിഞ്ഞില്ലെന്ന കോളജ് അധികൃതരുടെ നിലപാടിൽ ദുരൂഹത. കഴിഞ്ഞ 16, 17 തീയതികളിൽ കോളജിൽ സ്പോർട്സ് ആയിരുന്നെന്നും ഇൗ ദിവസങ്ങളിൽ അധ്യാപകരുടെ സാന്നിധ്യം ക്യാംപസിൽ കുറവായിരുന്നെന്നും അതുകൊണ്ടാണ് അറിയാതെ പോയതുമെന്നാണു കോളജ് അധികൃതരുടെ നിലപാട്.

ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്നു കഷ്ടിച്ച് 500 മീറ്റർ അകലം മാത്രമാണ് ഹോസ്റ്റൽ വാർഡന്റെ ചുമതല കൂടി വഹിക്കുന്ന കോളജ് ഡീൻ എം.കെ.നാരായണന്റെ വസതിയിലേക്കുള്ളത്. ക്യാംപസിനുള്ളിലെ പതിവു സംഘർഷമെന്ന രീതിയിലാണു കോളജ് അധികൃതർ ആദ്യം നിലപാടെടുത്തത്. പിന്നീട് യുജിസിയുടെ ആന്റി റാഗിങ് സെൽ ആവശ്യപ്പെട്ടതോടെയാണു കോളജ് അധികൃതർ നടപടികൾ സ്വീകരിക്കാൻ തുടങ്ങിയത്.

സിദ്ധാർഥനെ നഗ്നനാക്കി കെട്ടിയിട്ട് പരസ്യവിചാരണ നടത്തിയതു ഹോസ്റ്റലിനുള്ളിലെ ഷട്ടിൽ കോർട്ടിലെന്ന് ഇതരസംസ്ഥാന വിദ്യാർഥികളുടെ മൊഴി. ക്യാംപസിലെ മറ്റു വിദ്യാർഥികളിൽ പലരും ഭീഷണി ഭയന്നു മിണ്ടാതിരിക്കുകയാണ്. നാലുകെട്ടിന്റെ മാതൃകയിലുള്ള ഹോസ്റ്റലായതിനാൽ നടുമുറ്റത്തെ ഷട്ടിൽ കോർട്ടിൽ എന്തു നടന്നാലും ഹോസ്റ്റലിലുള്ളവരല്ലാതെ ആരും അറിയാറില്ല. ഇതിനു മുൻപും ഇതേപോലുള്ള ഷട്ടിൽ കോർട്ട് വിചാരണ ഹോസ്റ്റലിനുള്ളിൽ പലതവണ നേരിട്ട വിദ്യാർഥികളുണ്ട്.

അതേസമയം സിദ്ധാർത്ഥിന്റെ മരണത്തിൽ SFI യുണീറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ DYSP ഓഫീസിൽ കീഴടങ്ങി. സർവകലാശാല യൂണിയൻ പ്രസിഡ‍ന്റ് കെ അരുൺ നേരത്തെ കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കസ്റ്റഡിയിലുള്ള ആളുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസിൽ ഇനി എട്ടു പേരെ പിടികൂടാനുണ്ട്. ഇവർക്കായുള്ള അന്വേഷണം പുരോ​ഗമിക്കുകയാണ്. അമൽ ഇസ്ഹാനും കെ അരുണും മാനന്തവാടി സ്വദേശികളാണ്. ഇരുവരും കൃത്യത്തിൽ നേരിട്ട് പങ്കെടുക്കുകയും ​ഗൂഢാലോചന നടത്തുകയും ചെയ്തെന്നുമാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. നിലവിൽ ഇവരെ ചോദ്യം ചെയ്ത് വരികയാണ്.