വീണ്ടും ഓൺലൈൻ തട്ടിപ്പ് . 48 മുട്ട വാങ്ങാൻ ശ്രമിച്ച യുവതിക്ക് 48,000 രൂപ നഷ്ടം . ബംഗളൂരുവിലെ വസന്ത നഗറിൽ താമസിക്കുന്ന 38 കാരിയാണ് കബളിപ്പിക്കപ്പെട്ടത്. ഓൺലൈനിൽ 49 രൂപയ്ക്ക് 48 മുട്ട എന്ന പരസ്യം കണ്ടാണ് യുവതി ഓൺലൈൻ വഴി മുട്ട വാങ്ങാൻ തീരുമാനിച്ചത്. പണം നഷ്ടമായതോടെ യുവതി പോലീസിലും സൈബർക്രൈമിലും പരാതി നൽകി.
ഫെബ്രുവരി 17ന് ഇവരുടെ ഇമെയിലിലേയ്ക്ക് കുറഞ്ഞ വിലയ്ക്ക് മുട്ട വിൽക്കുന്നതായുള്ള ഒരു പരസ്യമെത്തിയതോടെയാണ് തട്ടിപ്പിന് തുടക്കം കുറിച്ചത്. 49 രൂപയ്ക്ക് 48 മുട്ട എന്ന പരസ്യം കണ്ടാണ് യുവതി ഓൺലൈൻ വഴി മുട്ട വാങ്ങാൻ തീരുമാനിച്ചത്. ഓഫറുകളെക്കുറിച്ച് കൂടുതൽ അറിയാൻ യുവതി പരസ്യം താഴേക്ക് സ്ക്രോൾ ചെയ്ത് വായിക്കുകയും നല്ലൊരു ഓഫർ തന്നെ തിരഞ്ഞെടുക്കുകയുമായിരുന്നു.
നാല് ഡസൻ മുട്ടകൾ, അതായത് 48 മുട്ടകൾ 49 രൂപയ്ക്ക് ലഭിക്കുന്ന ഓഫറാണ് യുവതി തിരഞ്ഞെടുത്തത്. പരസ്യത്തിൽ ഒരു ഷോപ്പിംഗ് ലിങ്കും നൽകിയിരുന്നു. അതിൽ ക്ലിക്ക് ചെയ്തപ്പോൾ, കോഴികളെ എങ്ങനെയാണ് വളർത്തുന്നതെന്നും മുട്ടകൾ ശേഖരിക്കുന്നത് എങ്ങനെയാണെന്നുമുള്ള വിവരങ്ങൾ അടങ്ങിയ ഒരു പേജാണ് തുറന്നു വന്നതെന്നും യുവതി പറയുന്നു.
തുടർന്ന് യുവതി നാല് ഡസൻ മുട്ടകൾ 49 രൂപയ്ക്ക് എന്ന ഓഫർ തിരഞ്ഞെടുത്തു. ഓർഡർ നൽകുന്നതിന് മുമ്പ് കോൺടാക്ട് വിവരങ്ങൾ നൽകുന്നതിനുള്ള ഒരു പേജ് തുറന്നു വന്നു. അതിനുശേഷം യുവതി പേയ്മെന്റിൽ ക്ലിക്ക് ചെയ്തു. ഇവിടെ ക്രെഡിറ്റ് കാർഡ് വഴി പണമടയ്ക്കുന്നതിനുള്ള ഓപ്ഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇതിനെ തുടർന്ന് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകി. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേയ്ക്ക് ഒരു ഒടിപിയും ലഭിച്ചു. എന്നാൽ യുവതിയ്ക്ക് ഫോണിൽ ലഭിച്ച ഒടിപി നൽകുന്നതിന് മുമ്പ് തന്നെ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽ നിന്ന് 48,199 രൂപ നഷ്ടപ്പെട്ടു.
‘ഷൈൻ മൊബൈൽ HU’ എന്ന അക്കൗണ്ടിലേക്കാണ് പണം ട്രാൻസ്ഫർ ആയതെന്നും യുവതി പറയുന്നു. തുടർന്ന് പണമിടപാട് സംബന്ധിച്ച് ബാങ്കിൻ്റെ ക്രെഡിറ്റ് കാർഡ് സെക്ഷനിൽ നിന്ന് യുവതിയെ വിളിക്കുകയും അങ്ങനെ കബളിപ്പിക്കപ്പെട്ടെന്നത് യുവതിക്ക് വ്യക്തമാകുകയുമായിരുന്നു.