ഡല്‍ഹി : അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ . “രാംലല്ലയെ ദര്‍ശിക്കാനുള്ള ഭാഗ്യമുണ്ടായി. പ്രാര്‍ത്ഥനയ്ക്ക് ശേഷം മനസ്സിന് വല്ലാത്തൊരു സമാധാനം തോന്നി. വാക്കുകള്‍ കൊണ്ട് വിവരിക്കാനാകാത്ത അനുഭൂതിയാണിതെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. കുടുംബത്തോടൊപ്പമായിരുന്നു അദ്ദേഹം ദർശനത്തിനെത്തിയത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് സിംഗ് മന്നും കുടുംബവും ഇദ്ദേഹത്തൊടൊപ്പം ദര്‍ശനത്തിനായി എത്തിയിരുന്നു. ദര്‍ശനത്തിന് ശേഷം ഇരുവരും ഒരു മണിക്കൂറോളം രാമജന്മഭൂമിയില്‍ ചെലവഴിക്കുകയും ചെയ്തു.
ഇരുവരെയും ക്ഷേത്ര ട്രസ്റ്റ് ജനറര്‍ സെക്രട്ടറി ചമ്പത് റായ് ആണ് സ്വീകരിച്ചത്. കൂടാതെ മുഖ്യമന്ത്രിമാര്‍ക്ക് ഉച്ചഭക്ഷണം ഒരുക്കുകയും ചെയ്തിരുന്നു. രാമക്ഷേത്ര പ്രാണപ്രതിഷ്ട ചടങ്ങില്‍ എത്താൻ സാധിക്കാത്തതിനാൽ കൂടെയായിരുന്നു ഈ ദർശനം. “കുടുംബത്തോടൊപ്പം അയോധ്യയിലെത്താന്‍ കഴിഞ്ഞു. രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്താനും സാധിച്ചു. ഭഗവന്ത് ജിയും അദ്ദേഹത്തിന്റെ കുടുംബവും ഒപ്പമുണ്ടായിരുന്നു,
“ശ്രീരാമ ദര്‍ശനം നടത്താന്‍ സാധിച്ചു. രാജ്യത്തിന്റെ പുരോഗതിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും കഴിഞ്ഞു. എല്ലാവരെയും ശ്രീരാമന്‍ അനുഗ്രഹിക്കട്ടെ , ജയ്ശ്രീറാം,’’ എന്ന് പറഞ്ഞ് കൊണ്ടാണ് അരവിന്ദ് കെജ്രിവാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം വിവിധ മതവിശ്വാസങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും എല്ലാ ആഘോഷങ്ങളും ഒത്തൊരുമയോടെ കൊണ്ടാടപ്പെടുന്നുവെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്‍ പറഞ്ഞു.
“രാജ്യത്തെ സഹോദര്യവും സമാധാനവും എന്നും നിലനില്‍ക്കണമെന്ന് പ്രാര്‍ത്ഥിച്ചു,” ഭഗവന്ത് സിംഗ് മന്‍ പറഞ്ഞു. അതേസമയം, ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഉത്തര്‍പ്രദേശിലെ എംഎല്‍എമാര്‍ രാമക്ഷേത്ര ദര്‍ശനം നടത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദര്‍ശനത്തിനെത്തിയത്. പ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടിയിലെ എംഎല്‍എമാര്‍ ഈ ദര്‍ശനത്തില്‍ നിന്ന് വിട്ടുനിന്നു.