തിരുവനന്തപുരത്ത് മാതൃഭൂമി സംഘടിപ്പിച്ച അന്താരാഷ്ട്ര അക്ഷരോത്സവം ‘ക’യ്ക്ക് അഞ്ച് ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്. ഫെബ്രുവരി എട്ടാം തീയതി മുതല്‍ 11ാം തീയതി വരെ തിരുവനന്തപുരം കനകക്കുന്നിലാണ് മാതൃഭൂമിയുടെ അക്ഷരോത്സവം സംഘടിക്കപ്പെട്ടത്.

ഇതിലേക്കാണ് സ്പോണ്‍സർഷിപ്പ് തുകയായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് അഞ്ചുലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. മൂതൃഭൂമിയുടെ റീജ്യണല്‍ മാനേജരുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ച് ഉത്തരവിറങ്ങിയിരിക്കുന്നത്.

ഇതിന് മുമ്പ് മാതൃഭൂമി കോഴിക്കോട് വെച്ച് നടത്തുന്ന ദി ഗ്രേറ്റ് ഇന്ത്യൻ ബിരിയാണി ഫെസ്റ്റിവലിനും വിനോദ സഞ്ചാര വകുപ്പ് പത്തലക്ഷം രൂപ അനുവദിച്ചിരുന്നു. കേരളത്തിന്റെ ഫുഡ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായിരുന്നു മാതൃഭൂമിയുടെ ബിരിയാണി മേളയ്ക്കുള്ള സർക്കാർ സഹായം.

കാലിക്കറ്റ് ട്രേഡ് സെന്ററിൽ വച്ചാണ് ബിരിയാണി മേള നടക്കുന്നത്. കേരളത്തിൻ്റെ ഫുഡ് ടൂറിസം പ്രൊമോട്ട് ചെയ്യുന്ന പരിപാടിക്ക് ടൂറിസം വകുപ്പിൽ നിന്ന് സ്പോൺസർഷിപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് മാതൃഭൂമി ജനറൽ മാനേജർ മന്ത്രി മുഹമ്മദ് റിയാസിന് കത്ത് നൽകിയിരുന്നു.

പെൻഷൻ വർധിപ്പിക്കാൻ പണമില്ലെന്ന് പറയുന്ന അതേ സർക്കാരാണ് ബിരിയാണി മേളയ്ക്ക് പണം നൽകാൻ മുൻകൈ എടുത്തത് എന്നതും ശ്ര‍ദ്ധേയമാണ്. ബിരിയാണി മേളയുമായി ബന്ധപ്പെട്ട മാതൃഭൂമിയുടെ കത്ത് പരിഗണിച്ച മന്ത്രി റിയാസ് ഈ മാസം 3 ന് ബിരിയാണി മേളക്ക് 10 ലക്ഷം അനുവദിച്ചു.