ചെന്നൈ പെരുങ്ങളത്തൂരില്‍ 22 വയസ്സുള്ള യുവാവിനെ കാമുകിയുടെ കുടുംബം വെട്ടിക്കൊന്നു. പെരുങ്ങലത്തൂര്‍ തിരുവള്ളൂര്‍ സ്വദേശി ജീവ ആണ് കൊല്ലപ്പെട്ടത്.

ശവസംസ്‌കാര ചടങ്ങുകളില്‍ വാദ്യോപകരണങ്ങള്‍ വായിക്കാറുണ്ടായിരുന്ന യുവാവിന്റെ കൊലപാതകത്തിന് പിന്നില്‍ ജാതിവെറിയാണെന്നും ആക്ഷേപമുണ്ട്.

യുവാവ് പ്രബലജാതിയിലെ യുവതിയുമായി പ്രണയത്തിലായിരുന്നു. യുവതിയുടെ കുടുംബം ഇത് എതിര്‍ക്കുകയും പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ ജീവ കാമുകിക്കൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇതോടെ യുവതിയുടെ വിവാഹം മുടങ്ങി.

ബുധനാഴ്ച യുവതിയുമായി കൂടിക്കാഴ്ച നടത്തിയ ജീവയെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇയാളുടെ വളര്‍ത്തുനായയേയും കൊലപ്പെടുത്തി.

പീര്‍ക്കന്‍കരനൈയിലെ ഗുണ്ടുമേട്ടിലെ ശ്മശാനത്തിന് സമീപമാണ് യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയുടെ കുടുംബത്തിലെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.