സോഷ്യൽ മീഡിയയിൽ രജനികാന്ത് സംഘിയാണെന്ന തരത്തിലുള്ള പോസ്റ്റുകൾ കാണാറുണ്ടെന്നും പിതാവിനെ അങ്ങനെ വിളിക്കുന്നതിൽ ഏറെ വിഷമമുണ്ടെന്നും ഐശ്വര്യ രജനികാന്ത്. രജനികാന്ത് പ്രധാന വേഷത്തിലെത്തുന്ന ‘ലാൽസലാം’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു മകളും സംവിധായികയുമായ ഐശ്വര്യ. രജനികാന്ത് ഒരു സംഘിയായിരുന്നെങ്കിൽ ലാൽസലാം പോലൊരു സിനിമ അദ്ദേഹം ചെയ്യില്ലായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു.

‘ഞാൻ സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കാൻ ശ്രമിക്കുന്നയാളാണ്. എന്നാൽ എൻ്റെ ടീം ആളുകൾ എന്താണ് സോഷ്യൽ മീഡിയയിൽ പറയുന്നത് എന്ന് എന്നെ കാണിക്കും. ഈയിടെയായി ആളുകൾ ‘സംഘി’ എന്ന ഒറ്റ വാക്കാണ് അദ്ദേഹത്തെ കുറിച്ച് പറയുന്നത്. അത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഞാനൊന്ന് പറയട്ടെ, സൂപ്പർസ്റ്റാർ രജനികാന്ത് ഒരു സംഘിയല്ല. അദ്ദേഹം ഒരു സംഘിയാണെങ്കിൽ ലാൽസലാം ചെയ്യില്ല. ഒരുപാട് മനുഷ്യത്വമുള്ള മനുഷ്യൻ മാത്രമേ ഈ സിനിമ ചെയ്യുകയുള്ളു’, ഐശ്വര്യ പറഞ്ഞതായി എന്റർടെയ്ൻമെന്റ് അനലിസ്റ്റായ സിദ്ധാർത്ഥ് ശ്രീനിവാസ് എക്സിൽ പോസ്റ്റ് ചെയ്തു.

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി ഒൻപതിനാണ് റിലീസിനെത്തുക. മൊയ്ദീൻ ഭായ് എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. വിഷ്ണു വിശാലും വിക്രാന്തുമാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജയാണ് ചിത്രം നി‍ർമ്മിക്കുന്നത്. എ ആർ റഹ്മാനാണ് സം​ഗീതം.