തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സെലിബ്രിറ്റികളെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന വാര്‍ത്തയില്‍ കൂടുതല്‍ സ്ഥിരീകരണം. പത്തനംതിട്ടയില്‍ സിനിമ താരം ഉണ്ണിമുകുന്ദനെ മത്സരിപ്പിക്കാന്‍ ബിജെപി നേതൃത്വം ചിന്തിക്കുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ച വാര്‍ത്തകള്‍.
എന്നാല്‍, ഒരു പാര്‍ട്ടിയിലും അംഗമല്ലാത്ത ഉണ്ണിമുകുന്ദന്റെ രാഷ്ട്രീയ പ്രവേശ വാര്‍ത്തകള്‍ നിരാകരിക്കുകയാണ് താരത്തിന്റെ ഓഫീസ്. വാര്‍ത്തയുടെ ഉറവിടം എന്താണെന്ന് അറിയില്ലെന്നും ഇപ്പോള്‍ സിനിമാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഉണ്ണി മുകുന്ദന്‍ തെരഞ്ഞെടുപ്പിലേക്ക് ഇല്ലെന്നും അദ്ദേഹത്തിന്റെ മാനേജര്‍ അറിയിച്ചു.
ഉണ്ണിമുകുന്ദന്റെ രാഷ്ട്രീയ പ്രവേശ വാര്‍ത്തകളില്‍ സ്ഥിരീകരണം വന്നെങ്കിലും. തെരഞ്ഞെടുപ്പില്‍, ബിജെപിയുടെ നേതാക്കള്‍ക്ക് പുറമേ വിവിധ മേഖലകളിലെ പ്രമുഖരെ ബിജെപി മത്സരിപ്പിക്കാനൊരുങ്ങുകയാണ്. പൊതുമണ്ഡലത്തില്‍ നിന്ന് കൂടുതല്‍ വോട്ടുകള്‍ സമാഹകരിക്കുകയെന്നതാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. 10 മണ്ഡലങ്ങളിലെങ്കിലും പാര്‍ട്ടിക്കതീതരെ കണ്ടെത്താനാണ് ആലോചന.
സുരേഷ് ഗോപിയിലൂടെ ബിജെപിക്ക് ഉണ്ടായ പ്രതിച്ഛായ നേട്ടമാണ് കൂടുതല്‍ സെലിബ്രിറ്റികളെ രംഗത്തിറക്കാനുള്ള നേതാക്കളുടെ ഊര്‍ജ്ജം.
രാജ്യസഭാംഗംകൂടിയായ ഒളിമ്പ്യന്‍ പി.ടി. ഉഷയാണ് പരിഗണിക്കുന്നവരില്‍ പ്രധാനി. ദേശീയനേതൃത്വവും ഉഷയും സമ്മതം മൂളിയാല്‍ കോഴിക്കോട്ടാവും അവര്‍ മത്സരിക്കുക. ജില്ലയുടെ പ്രഭാരി ചുമതലയുള്ള ശോഭാ സുരേന്ദ്രനെയാണ് ഇവിടെ പരിഗണിച്ചിരുന്നത്. ഉഷ സ്ഥാനാര്‍ഥിയായെത്തിയാല്‍ പാര്‍ട്ടിക്കപ്പുറത്തുനിന്ന് വോട്ട് ആകര്‍ഷിക്കാനാവുമെന്നാണ് വിലയിരുത്തല്‍. ഉഷയില്ലെങ്കില്‍ പരിഗണിക്കുന്നവരില്‍ പി.കെ. കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള മുതിര്‍ന്നനേതാക്കളുണ്ട്.
കുമ്മനം രാജശേഖരന്‍, പി.സി. ജോര്‍ജ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. കെ.എസ്. ചിത്രയുടെ പേര് നിര്‍ദ്ദേശിച്ച നേതാക്കള്‍ വരെയുണ്ടെന്നാണറിയുന്നത്. അതും തിരുവനന്തപുരത്തേക്കാണ് ചിത്രയുടെ പേര് ഉയര്‍ന്നത്. ക്രിസ്ത്യന്‍ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ സഭയ്ക്കുകൂടി സ്വീകാര്യരായവരെ കണ്ടെത്താനാണ് ശ്രമം.
തുഷാര്‍ വെള്ളാപ്പള്ളിക്ക് ആലപ്പുഴ നല്‍കി പകരം വയനാട് ഏറ്റെടുക്കാനാണ് ധാരണ. അങ്ങനെയെങ്കില്‍ ദേശീയഭാരവാഹികളായ എ.പി. അബ്ദുള്ളക്കുട്ടി, അനില്‍ ആന്റണി എന്നിവരില്‍ ആരെയെങ്കിലും പരിഗണിച്ചേക്കും.
ദേശീയനേതൃത്വം നടത്തിയ സര്‍വേയില്‍ കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വലിയ സ്വീകാര്യതയുണ്ടെന്ന് കണ്ടെത്തിയതായി ബി.ജെ.പി. നേതാക്കള്‍ പറയുന്നു. 30 ശതമാനം വോട്ടാണ് കേരളത്തില്‍ പാര്‍ട്ടി ലക്ഷ്യമിടുന്നത്. അയോധ്യാ വിഷയത്തില്‍ കേരളത്തില്‍ നേരത്തേയുണ്ടായിരുന്ന എതിര്‍പ്പ്, ശ്രീരാമക്ഷേത്രം നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ ഇല്ലാതായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.