സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഉഴലുന്ന പ്രമുഖ വിദ്യാഭ്യാസ ടെക്‌നോളജി (Edtech) സ്ഥാപനമായ ബൈജൂസിന്റെ ഉപസ്ഥാപനമായ ആകാശ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിയന്ത്രണം മണിപ്പാൽ എഡ്യൂക്കേഷൻ ആൻഡ് മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ രഞ്ജൻ പൈയുടെ കൈകളിലേക്ക്. ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2023ൽ പൈ നടത്തിയ 30 കോടി ഡോളറിന്റെ (ഏകദേശം 2,500 കോടി രൂപ) നിക്ഷേപം ഓഹരികളാക്കി മാറ്റാൻ ആകാശ് ഡയറക്ടർ ബോർഡ് അനുമതി നൽകിക്കഴിഞ്ഞു.

ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിന് 70 കോടി ഡോളർ (ഏകദേശം 5,830 കോടി രൂപ) മൂല്യം വിലയിരുത്തിയാണിത്. ഇതോടെ ആകാശിൽ 40 ശതമാനം ഓഹരി പങ്കാളിത്തം പൈയ്ക്ക് ലഭിക്കും. ഇതുവഴി ആകാശിലെ ഏറ്റവും വലിയ ഓഹരി ഉടമയായും അദ്ദേഹം മാറും. ഡയറക്ടർ ബോർഡിലേക്കും ഇതുവഴി പൈ എത്തും. മാത്രമല്ല, ഡയറക്ടർ അദ്ദേഹത്തിന്റെ രണ്ട് നോമിനികളും ഇടംപിടിച്ചേക്കും. ആകാശിന്റെ സമ്പൂർണ നിയന്ത്രണം തന്നെ ഇതോടെ രഞ്ജൻ പൈയുടെ കൈകളിലേക്കെത്തുമെന്നാണ് വിലയിരുത്തലുകൾ.

രക്ഷകൻ ഇപ്പോൾ വില്ലനോ ഹീറോയോ?

പ്രതിസന്ധിഘട്ടത്തിൽ ബൈജൂസിന്റെ രക്ഷകനായി ആയിരുന്നു രഞ്ജൻ പൈയുടെ രംഗപ്രവേശം. ബൈജൂസ് അമേരിക്കൻ ധനകാര്യസ്ഥാപനമായ ഡേവിഡ്‌സൺ ആൻഡ് കെംപ്‌നറിന് വീട്ടാനുണ്ടായിരുന്ന വായ്പ തിരിച്ചടയ്ക്കാനാവാതെ ബാധ്യതയായ വേളയിലാണ് സഹായവുമായി രഞ്ജൻ പൈ എത്തിയത്. കടം വീട്ടിക്കൊണ്ട് രഞ്ജൻ പൈ നടത്തിയ നിക്ഷേപമാണ് ഇതുവഴി ആകാശിൽ അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തമായി മാറുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബൈജൂസിന് കീഴിലെ ഭേദപ്പെട്ട സാമ്പത്തികനേട്ടം കൈവരിക്കുന്ന ഏക സ്ഥാപനമാണ് ആകാശ് ഇൻസ്റ്റിറ്റ്യൂട്ട്. 2021-22ൽ ബൈജൂസ് രേഖപ്പെടുത്തിയത് 8,254 കോടി രൂപയുടെ നഷ്ടമായിരുന്നു. അതേവർഷം ആകാശ് 40 ശതമാനം വളർച്ചയോടെ 1,491 കോടി രൂപയുടെ വരുമാനം നേടി. ലാഭമാകട്ടെ 82 ശതമാനം കുതിച്ച് 79.5 കോടി രൂപയുമാണ്.
ഏക ആശ്വാസമായ ആകാശിലെ നിയന്ത്രണം നഷ്ടപ്പെടുന്നത് ബൈജൂസിന് വലിയ തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലുകളുണ്ട്. 2021 ഏപ്രിലിൽ 94 കോടി ഡോളറിനായിരുന്നു (7,915 കോടി രൂപ) ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിനെ ഏറ്റെടുത്തത്. ഇതിൽ നിന്നാണ് ഇപ്പോൾ മൂല്യം വെറും 5,830 കോടി ഡോളറിലേക്ക് താഴ്ന്നതെന്ന തിരിച്ചടിയുമുണ്ട്.

ഇനി പൈയുടെ ആകാശ്!

രഞ്ജൻ പൈയ്ക്ക് ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിൽ 40 ശതമാനം ഓഹരി പങ്കാളിത്തമാണ് ലഭിക്കുന്നത്. തിങ്ക് ആൻഡ് ലേണിന് 26 ശതമാനം, ആകാശിന്റെ സ്ഥാപകൻ ചൗധരിക്കും പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോണിനും കൂടി 18 ശതമാനം, ബൈജൂസ് സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന് 16 ശതമാനം എന്നിങ്ങനെയുമാണ് ഓഹരി പങ്കാളിത്തം. ചൗധരി, ബ്ലാക്ക്‌സ്റ്റോൺ എന്നിവരുടെ കൈവശമുള്ള ഓഹരികൾ കൂടി രഞ്ജൻ പൈ സ്വന്തമാക്കാൻ സാധ്യതയേറെയാണ്.
മറുവശത്ത്, ബൈജൂസാകട്ടെ മൂല്യത്തകർച്ചയടക്കം കനത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഒരുവർഷം മുമ്പ് 2,200 കോടി ഡോളറായിരുന്നു ബൈജൂസിന്റെ മൂല്യം. അതായത് ഏകദേശം 1.80 ലക്ഷം കോടി രൂപ. ഇപ്പോൾ മൂല്യം 50-100 കോടി ഡോളർ മാത്രമാണ്; അതായത് പരമാവധി 8,300 കോടി രൂപ.