കൊച്ചി: കഴിഞ്ഞ ദിവസമായിരുന്നു നടി സ്വാസികയുടെ വിവാഹം. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബാണ് വരൻ. ചടങ്ങിൽ സുരേഷ് ഗോപി അടക്കമുള്ള വൻ താര നിര തന്നെ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ചടങ്ങിൽ പങ്കെടുത്ത് സുരേഷ് ഗോപി പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എത്രയും പെട്ടെന്ന് കുട്ടികൾ ഉണ്ടാകട്ടെയെന്നാണ് നടിയോട് സുരേഷ് ഗോപി പറയുന്നത്.
ഞാൻ ഒരു കല്യാണം നടത്തിയതിന്റെ ക്ഷീണത്തിൽ മുങ്ങി നിൽക്കുകയാണ്. പക്ഷെ തൊണ്ടയ്ക്ക് സുഖമില്ല. ദൈവം തന്ന ദാനം മനം കുളിർക്കെ അനുഭവിച്ച ഒരു അച്ഛനായി തന്നെയാണ് ഇപ്പോഴും ഞാൻ തുടർന്ന് പോകുന്നത്.
സ്വാസികയ്ക്ക് സ്വന്തം അച്ഛനും അമ്മയുമെല്ലാമുണ്ട്. എന്നെ ചേട്ടായെന്നാണ് സ്വാസിക വിളിക്കുന്നത് എങ്കിലും പ്രായം നിഷ്കർഷിക്കുന്നതല്ലെങ്കിലും പെൺകുട്ടികളെ കാണുമ്പോൾ അച്ഛന്റെ സ്ഥാനത്ത് നിൽക്കുന്നത് വളരെ സേഫാണ് . ചില ആൾക്കാരൊക്ക കച്ചയും കെട്ടി ഇറങ്ങിയിരിക്കുന്നതുകൊണ്ട് വളരെ സേഫ് ഇതാണ്.’
തോളത്ത് കൈവെച്ചപ്പോഴും ഞാൻ അതാണ് ആലോചിച്ചത് . സ്വാസിക കെട്ടിപിടിച്ചതിന് ഞാനാണ് കേസ് കൊടുക്കേണ്ടത് (ചിരിക്കുന്നു). മനസിൽ നമുക്ക് വ്യത്യസ്തമായ അഭിപ്രായങ്ങളും, വ്യത്യസ്തതയുടെ ആഴവും വളരെ കുറഞ്ഞ് നിൽക്കുന്ന കാലഘട്ടത്തിൽ നല്ല ഒരുപാട് കുഞ്ഞുങ്ങളുണ്ടാകണം. നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകും. നിങ്ങളുടെ കുടുംബത്തിനേക്കാൾ ആ കുഞ്ഞുങ്ങളെ ആവശ്യം ഈ സമൂഹത്തിനാണ്, ഈ ലോകത്തിനാണ്.
മരമായാലും മൃഗമായാലും മനുഷ്യനായാലും മണ്ണിന്റെ ഉത്പന്നങ്ങൾക്കെല്ലാം സംഭാവനകൾ ചെയ്യുന്ന പൗരന്മാരായി അവർ വളർന്നുവരണം. അങ്ങനെ വളർത്തിക്കൊണ്ടുവരാനുള്ള കപ്പാസിറ്റി അച്ഛനും അമ്മയ്ക്കുമുണ്ടെങ്കിൽ ഒരുപാട് കുഞ്ഞുങ്ങളുണ്ടാകുന്നതാണ് ഈ ലോകത്തിന് നല്ലത്. അല്ലാതെ നമ്മൾ മറ്റ് മാർഗങ്ങളൊന്നും അവലംബിക്കരുത്. നിങ്ങൾക്കും അങ്ങനെയുള്ള നല്ല മക്കളുണ്ടാകട്ടെ. നിങ്ങൾ വഴി ഈ രാജ്യത്തിനും ലോകത്തിനും ഒരുപാട് നല്ല ലോക പൗരന്മാരുണ്ടാകട്ടെ എന്ന് മാത്രമാണ് എനിക്ക് ഈ വേദിയിൽ നിന്ന് ആത്മാർത്ഥമായി ആശംസിക്കാൻ എനിക്ക് തോന്നുന്നത്. ഇതിന്റെയകത്ത് ഏറ്റവും സന്തോഷിക്കുന്നത് നിങ്ങളുടെ അച്ഛനമ്മാമാരായിരിക്കും. അവർ ഇനി ഇത് പറഞ്ഞ് മെനക്കെടേണ്ടല്ലോ എന്ന വിചാരമുണ്ടാകും.
തീർച്ചയായും നിങ്ങൾക്ക് നല്ലൊരു നിമിത്തമായിരിക്കട്ടെ. ജീവിതത്തിന്റെ സൗഖ്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞ്, ആ ഒരു കാര്യം വൈകിപ്പിക്കാതെ, എത്രയും പെട്ടന്ന് നമുക്ക് അടുത്ത വിശേഷം കൂടി ഇതുപോലെ ആഘോഷപൂർവമായി കൂടാൻ സാധിക്കണേയെന്ന് സകല ദൈവങ്ങളോടും പ്രാർത്ഥിച്ചുകൊണ്ട് എന്റെ ഈ എളിയ വർത്തമാനം നിർത്തുന്നു.’-സുരേഷ് ഗോപി പറഞ്ഞു.