സാൻസാൽവദോർ: മേജർ ലീഗ് സോക്കറിന് മുന്നോടിയായുള്ള പ്രീസീസൺ സൗഹൃദ മത്സരത്തിൽ ഇന്റർ മയാമിക്ക് സമനില. എൽസാൽവദോറാണ് ഗോൾ രഹിത സമനിലയിൽ തളച്ചത്. ലയണൽ മെസി കളിച്ചിട്ടും ഗോൾനേടാനാവത്തത് ഇന്റർ മയാമിക്ക് തിരിച്ചടിയായി. ബ്രസീൽ ക്ലബ് ഗ്രെമിയോയിൽ നിന്ന് മയാമിയിലെത്തിയ ഉറുഗ്വെ താരം ലൂയിസ് സുവാരസ് അരങ്ങേറ്റം കുറിച്ചു. ആദ്യ പകുതിയിൽ മെസി-സുവാരസ് കൂട്ടുകെട്ടുണ്ടായെങ്കിലും ഗോൾ നേടാനായില്ല. ബാഴ്‌സലണോയിൽ കളിച്ചതിന് ശേഷം മെസിക്കും സുവാരസിനും പുറമെ ജോഡി ആൽബ, സെർജിയോ ബുസ്‌കെറ്റ്‌സ് എന്നിവരൊന്നിച്ച് കളത്തിലിറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്.
പന്തടക്കത്തിലും മുന്നേറ്റത്തിലുമെല്ലാം ഇന്റർ മയാമി മികച്ചുനിന്നെങ്കിലും ഫിനിഷിങിലെ പോരായ്മകൾ തിരിച്ചടിയായി. ആദ്യ പകുതിയുടെ 67 ശതമാനവും പന്ത് നിയന്ത്രിച്ചു. എന്നാൽ ഗോൾവഴങ്ങാതെ മെസിയേയും സംഘത്തേയും തടഞ്ഞുനിർത്തുന്നതിൽ എൽ സാൽവദോർ പ്രതിരോധനിര വിജയിച്ചു. ഗോൾകീപ്പർ മരിയോ മാർട്ടിനെസിന്റെ മിന്നും പ്രകടനവും അനുകൂലമായി. പ്രീ സീസൺ മത്സരത്തിനായി ഈ മാസം അവസാനം മെസിയും സംഘവും സൗദിയിൽ എത്തുന്നുണ്ട്. റിയാദ് കപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന അൽ-നസറുമായും ഏറ്റുമുട്ടും. എന്നാൽ ഈ വർഷത്തെ ആദ്യ മത്സരത്തിൽ തന്നെ സമനില വഴങ്ങേണ്ടി വന്നത് ഇന്റർ മയാമിക്ക് തിരിച്ചടിയാകുന്നു.