ഡൽഹി : ചലചിത്ര താരം രഷ്മിക മന്ദാനയുടെ ഡിപ്പ് ഫേക്ക് വീഡിയോ തയ്യാറാക്കി പ്രചരിച്ച പ്രതി പോലീസിന്റെ പിടിയിൽ . കേസുമായി ബന്ധപ്പെട്ടു നേരത്തെ ബിഹാറില്‍ നിന്നും ഒരാളെ പിടികൂടിയിരുന്നെങ്കിലും അയാൾക്കൊപ്പം വേറെയും ആളുകൾ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വോഷണത്തിലാണ് ഇപ്പോൾ കേസിലെ മുഖ്യ പ്രതിയെ പോലീസ് കണ്ടെത്തിയത് .

പ്രതിയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആന്ധ്രാപ്രദേശില്‍ നിന്നുമാണ് ഇയാളെ ഡല്‍ഹി പൊലീസ് പിടികൂടിയത് . കഴിഞ്ഞ വര്‍ഷമാണ് രശ്മികയുടെ ഡീപ്പ് ഫേക്ക് വി‍ഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് . ഇതിന് പിന്നാലെ ദില്ലി വനിത കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ നൽകിയ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. ഐപിസി 465, 469, 1860, ഐടി ആക്ട് 2000 ലെ സെക്ഷൻ 66C, 66E എന്നി വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന സാറാ പട്ടേല്‍ എന്ന ബ്രിട്ടിഷ്–ഇന്ത്യന്‍ മോഡലിന്‍റെ വി‍ഡിയോയിലാണ് രശ്മികയുടെ മുഖം എഡിറ്റ് ചെയ്ത് ചേര്‍ത്തത്. വിഷയത്തിൽ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അമിതാഭ് ബച്ചനടക്കം രംഗത്തുവന്നിരുന്നു. ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ കൃത്യമായ നിയന്ത്രണം വേണമെന്നും ബച്ചൻ ആവശ്യപ്പെട്ടിരുന്നു.

വി‍ഡിയോ വ്യാജമാണെന്നും ഇത്തരമൊരു സംഭവത്തിൽ പ്രതികരിക്കേണ്ടി വന്നത് വേദനാജനകമാണെന്നുമാണ് രശ്മിക പ്രതികരിച്ചത്. സംഭവം ഭയപ്പെടുത്തുന്നുവെന്നും സ്കൂളിലോ കോളേജിലോ ആണ് പഠിക്കുന്നതെങ്കില്‍ എങ്ങനെ പ്രതികരിക്കുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലുമാവുന്നില്ലെന്നും രശ്മിക പറഞ്ഞിരുന്നു.