തിരുവനന്തപുരം: സംസ്ഥാന റവന്യു വകുപ്പിന്റെ ആസ്ഥാന മന്ദിരമായ ‘റവന്യു ഭവന്‍’ നിര്‍മ്മാണത്തിന് ഊരാളുങ്കല്‍ നല്‍കിയത് 25 കോടി രൂപയുടെ എസ്റ്റിമേറ്റ്.

തിരുവനന്തപുരം കവടിയാറില്‍ 100 സെന്റ് സ്ഥലത്ത് നിര്‍മ്മിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് ആന്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയെയാണ്.

പ്രോജക്റ്റ് റിപ്പോര്‍ട്ടിനെക്കുറിച്ച് വിശദമായി പഠിക്കാന്‍ നിയോഗിച്ച ടെക്‌നിക്കല്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ ഊരാളുങ്കലിന്റെ അസിസ്റ്റന്റ് മനേജര്‍. റവന്യു വകുപ്പില്‍ ടെക്‌നിക്കല്‍ സ്റ്റാഫിന്റെ കുറവുള്ളതിനാലാണ് ടെക്‌നിക്കല്‍ കമ്മിറ്റിയില്‍ ഊരാളുങ്കല്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിശദീകരണം. അതായത്, ഊരാളുങ്കലിന്റെ 25 കോടി രൂപയുടെ പ്രോജക്റ്റിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ അവരെ തന്നെ ഏല്‍പ്പിച്ചുവെന്ന് ചുരുക്കം.

അതുപോലെ, റവന്യു ഭവന്‍ പ്രോജക്റ്റിന്റെ പേപ്പറുകള്‍ മന്ത്രി ഓഫീസില്‍ നിന്ന് നീങ്ങുന്നത് മിന്നല്‍ വേഗത്തിലാണെന്നതും കാണാവുന്നതാണ്. ഊരാളുങ്കല്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കാന്‍ ലാന്റ് റവന്യു കമ്മീഷണല്‍ ഈ മാസം 16നാണ് കത്ത് നല്‍കിയത്.

രണ്ടുദിവസം കൊണ്ടുതന്നെ കമ്മിറ്റി രൂപീകരിച്ച് മാതൃകയായിരിക്കുകയാണ് റവന്യു മന്ത്രി കെ. രാജന്റെ ഓഫീസ്. ഇത്രയും സ്പീഡില്‍ ഫയല്‍ നീക്കം റവന്യു വകുപ്പില്‍ സമീപകാലത്തൊന്നും കണ്ടിട്ടില്ലെന്നതാണ് ഉദ്യോഗസ്ഥരെ അമ്പരിപ്പിച്ചിരിക്കുന്നത്. ഊരാളുങ്കലിന് വേണ്ടി ഉറക്കമൊഴിഞ്ഞും കര്‍ത്തവ്യ നിരതനായിരിക്കുകയാണ് റവന്യു മന്ത്രിയെന്നാണ് ചില അടക്കം പറച്ചിലുകള്‍.

റവന്യു ഭവന്‍ നിര്‍മ്മാണത്തിന്റെ ടെക്‌സിനക്കല്‍ കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ്. ആറംഗ സമിതിയുടെ കണ്‍വീനറായി തെരഞ്ഞെടുത്തിരിക്കുന്നത് ഊരാളുങ്കലിന്റെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ബി.കെ. ഗോപകുമാറിനെയും. ഊരാളുങ്കല്‍ സമര്‍പ്പിച്ച 25 കോടിയുടെ ഡി.പി.ആര്‍ പരിശോധിക്കുന്ന സമിതിയുടെ കണ്‍വീനറും ഊരാളുങ്കലുകാരന്‍ എന്നതാണ് സംശയാസ്പദം.

ഹൗസിംഗ് ബോര്‍ഡിലെ റിട്ടയേര്‍ഡ് എക്‌സിക്യൂട്ടിവ് എഞ്ചിനീയറും ടെക്‌നിക്കല്‍ സമിതി അംഗമാണ്. സര്‍വ്വീസില്‍ നിന്ന് വിരമിച്ച എ.എസ് ശിവകുമാര്‍ എന്ന ഉദ്യോഗസ്ഥനാണ് മെഷര്‍മെന്റ് പരിശോധിക്കുന്നത്. ഊരാളുങ്കലിന്റെ നോമിനിയാണോ ഈ ഉദ്യോഗസ്ഥന്‍ എന്ന സംശയവും ഉയരുന്നുണ്ട്. 25 കോടിയുടെ റവന്യൂ ഭവന്‍ നിര്‍മ്മാണം തുടക്കത്തില്‍ തന്നെ സംശയമുള്‍മുനയില്‍ എന്ന് വ്യക്തം.