തിരുവനന്തപുരം: സ്വന്തം സൈബര്‍ ടീമിനെകൊണ്ട് പൊറുതിമുട്ടിയ അവസ്ഥയിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. പ്രത്യേകിച്ച് എം.പിമാര്‍.

ഡിജിറ്റല്‍ മീഡിയയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനും നേതാക്കളുടെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കാനും കെ.പി.സി.സി ആരംഭിച്ച ഡിജിറ്റല്‍ മീഡിയ സെല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് എം.പിമാരോട് ഫീസ് ആവശ്യപ്പെട്ടതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

ശശിതരൂര്‍, അടൂര്‍ പ്രകാശ് തുടങ്ങിയവരോട് ഡിജിറ്റല്‍ മീഡിയ സെല്‍ ആവശ്യപ്പെട്ടത് 15 മുതല്‍ 25 ലക്ഷം വരെയുള്ള സംഖ്യയാണ്. ഇലക്ഷന്‍ എന്‍ജിനീയറിംഗിന്റെ ഉസ്താദുമാരായ ഇവരോട് തന്നെ പണം ആവശ്യപ്പെടുന്ന സാഹചര്യം എങ്ങനെയുണ്ടായി എന്നാണ് കെ.പി.സി.സി നേതൃത്വം അന്വേഷിക്കുന്നത്.

സംസ്ഥാന അധ്യക്ഷന്‍ ജയിലിലായിട്ടും സര്‍ക്കാര്‍ നിരന്തരം വേട്ടയാടിയിട്ടും ഡിജിറ്റല്‍ മീഡിയ ടീം അത് അറിഞ്ഞ മട്ടില്ലെന്ന വിമര്‍ശനം യൂത്ത് കോണ്‍ഗ്രസുകാര്‍ക്കുമുണ്ട്. കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ. പി. സരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി കിട്ടിയതോടെയാണ് വെളുക്കാന്‍ തേച്ചത് പാണ്ടായ വിവരം നേതാക്കള്‍ അറിയുന്നത്.

സാമ്പത്തിക ക്രമക്കേട് മുതല്‍ കരാറുകളില്‍ വരെ സംശയാസ്പദമായ ആരോപണങ്ങളാണ് ഉന്നത നേതാക്കള്‍ക്ക് മുന്നിലേക്ക് ഡിജിറ്റല്‍ മീഡിയ ടീമിനെക്കുറിച്ച് എത്തിക്കൊണ്ടിരിക്കുന്നത്. കെ.എസ്.യു പ്രവര്‍ത്തകര്‍ മുതല്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ക്ക് വരെ സൈബര്‍ കണ്‍വീനറുടെ പ്രത്യേക ആക്ഷനുകളില്‍ വെള്ളം കുടിച്ചുപോയിട്ടുണ്ട്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും ഒരു വിഭാഗം ഡിജിറ്റല്‍ മീഡിയ അംഗങ്ങളെ മാറ്റി നിര്‍ത്തിയെന്നാണ് മറ്റൊരാക്ഷേപം. പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മറിയ ഉമ്മനോട് പണം ആവശ്യപ്പെട്ടുവെന്നും രാഹുല്‍ മാങ്കൂട്ടത്തിലും പി.സി. വിഷ്ണുനാഥും തയ്യാറാക്കി പ്രചരിപ്പിച്ച വീഡിയോ സ്‌റ്റോറികളുടെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ചതായും ആക്ഷേപമുണ്ട്.

കോളേജ് ക്യാമ്പസ് തെരഞ്ഞെടുപ്പുകളില്‍ എസ്.എഫ്.ഐയോട് നേരിട്ട് ഏറ്റുമുട്ടി വിജയിച്ച കെ.എസ്.യു നേതാക്കള്‍ക്ക് വരെ ഡോ. പി. സരിനെക്കുറിച്ച് ആക്ഷേപമുണ്ട്. ഒരു സോഷ്യല്‍ മീഡിയ ടെക്കിയല്ലാത്ത ഡോ. പി. സരിന്റെ പല സൈബര്‍ ഐഡിയകളും 1990 കളിലേതാണെന്നാണ് പുതിയ പിള്ളേര് പരാതിപ്പെടുന്നത്. ഇങ്ങനെ പോയാല്‍ മറ്റ് സംഘടനകളുടെ ഏഴയലത്ത് എത്താനാകില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സമീപകാലത്ത് സംസ്ഥാനത്തെ ഉന്നത നേതാവിന്് കിട്ടിയ എട്ടിന്റെ ഡിജിറ്റല്‍ പണി ഉത്ഭവിച്ചത് കെപിസിസി സൈബര്‍ ഡോക്ടറേറ്റ് തലയില്‍ നിന്നായിരുന്നുവെന്ന സംശയം ശക്തമാണ്. ഒരു വീഡിയോ, ചാനലുകള്‍ക്ക് എത്തിച്ചുകൊടുത്ത് ചര്‍ച്ചയാക്കിയതിന് പിന്നലെ കരങ്ങളെയാണ് കെ.പി.സി.സി നേതൃത്വം തേടിയത്. ഇതിന് പിന്നില്‍ സ്വന്തം സൈബര്‍ ടീമാണെന്നത് നേതാക്കള്‍ ഞെട്ടലോടെയാണ് കേട്ടത്.

ഉപതെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം നടത്തുന്ന കോണ്‍ഗ്രസിനും കോളേജ് ക്യാമ്പസുകളില്‍ വിജയിച്ച് കയറുന്ന കെ.എസ്.യുവിനും സൈബര്‍ ടീം കൊടുത്ത പണികള്‍ അക്കമിട്ട് നിരത്തിയാണ് കെ.പി.സി.സി അധ്യക്ഷന് പരാതിപ്പെട്ടിരിക്കുന്നത്.

സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കാണ് പരാതി ലഭിച്ചിരിക്കുന്നത്. കണ്‍വീനര്‍ സരിനിന്റെ സാമ്പത്തിക ഇടപാടുകള്‍ ചോദ്യം ചെയ്ത അംഗങ്ങളെ ചര്‍ച്ചാ ഗ്രൂപ്പുകളില്‍ നിന്നും ഒഴിവാക്കിയെന്നും ആരോപണമുണ്ട്. വ്യക്തിപരമായ പ്രചാരണത്തിന് കെപിസിസി ഡിജിറ്റല്‍ മീഡിയ വിഭാഗത്തെ സരിന്‍ ഉപയോഗിച്ചു എന്നടക്കമുള്ള നിരവധി ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

ഡിജിറ്റല്‍ മീഡിയ വിഭാഗം അംഗങ്ങളായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വീണ എസ് നായര്‍, രജിത്ത് രവീന്ദ്രന്‍, താര ടോജോ അലക്‌സ് ഉള്‍പ്പെടെ ആറ് അംഗങ്ങളായിരുന്നു സരിന് എതിരെ പരാതി നല്‍കിയത്. സരിന്‍ ചുമതല ഏറ്റെടുത്തതിന് ശേഷം ഡിജിറ്റല്‍ മീഡിയ വിഭാഗത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നു എന്നാണ് പരാതി. ഉപകരാര്‍ നല്‍കിയതില്‍ അടക്കം ക്രമക്കേടുകള്‍ ഉണ്ടായെന്നും ആരോപണമുണ്ട്. ഡോ. പി സരിനെതിരെ ഹൈക്കമാന്റിന് ഉള്‍പ്പെടെ ഒരു വിഭാഗം അംഗങ്ങള്‍ നല്‍കിയ സരിന്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഡിജിറ്റല്‍ മീഡിയ വിഭാഗത്തെ ദുരുപയോഗം ചെയ്തു. സരിന്റെ നടപടികളെ ചോദ്യം ചെയ്തവരെ ചര്‍ച്ചാ ഗ്രൂപ്പുകളില്‍ നിന്ന് ഒഴിവാക്കി എന്ന ആക്ഷേപവും പരാതിയില്‍ ഉന്നയിച്ചു.