KeralaNews

അൻവറിനൊപ്പം ദേശാഭിമാനിയും ! വെട്ടിലായി സിപിഎം

അൻവറും സിപിഎമ്മും തമ്മിലുള്ള പോര് ഓരോ ദിവസം കഴിയുംതോറും മുറുകുകയാണ്. ഇതിനിടയിൽ മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും അന്ത്യശാസനം തള്ളി കഴിഞ്ഞ 26ന് പി.വി.അൻവർ നടത്തിയ വാർത്താസമ്മേളനം പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ഒന്നാം പേജിൽ വന്നിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ പി.വി.അൻവർ നടത്തിയ വാർത്താസമ്മേളനം പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ഒന്നാം പേജിൽ അച്ചടിച്ചത് സിപിഎം പരിശോധിക്കുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്.

അൻവർ പരസ്യ പ്രസ്താവനകളിൽനിന്ന് പിന്തിരിയണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പാർട്ടി തീരുമാനം അംഗീകരിക്കുന്നതായി അൻവർ പ്രഖ്യാപിച്ചെങ്കിലും നാലാം ദിവസം അദ്ദേഹം അതു ലംഘിച്ചു. അതിനുശേഷം നിലമ്പൂരിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയെ അൻവർ നേരിട്ട് ആദ്യമായി വിമർശിക്കുന്നത്. ഇതിൽ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം എന്ന അൻവറിന്റെ ആവശ്യം ഉൾപ്പെടെ ദേശാഭിമാനിയുടെ ഒന്നാം പേജിൽ അച്ചടിച്ചു വന്നു.

അൻവറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണന്റെയും പ്രതികരണത്തിനും ഒപ്പമാണ് അൻവർ പറഞ്ഞതും വന്നത്. കൂടാതെ, 3 പേരുടെയും ചിത്രങ്ങളും വാർത്തയ്ക്കൊപ്പമുണ്ടായി. അതിനാൽ തന്നെ പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ അൻവറിനുണ്ടെന്ന പ്രതീതി നിലനിൽക്കുമ്പോൾ ഇതു സംഭവിച്ചത് നേതൃത്വം ഗൗരവമായാണ് കാണുന്നത്. ദേശാഭിമാനിയുടെ ചുമതലയിൽ 2 സെക്രട്ടേറിയറ്റ് അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

പാർട്ടിക്കും സർക്കാരിനും എതിരായ നീക്കങ്ങൾ പാർട്ടി മുഖപത്രത്തിൽ വേണോ എന്ന കാര്യം രാഷ്ട്രീയ നേതൃത്വം ആലോചിച്ചു തീരുമാനിക്കുന്ന രീതിയാണ് സിപിഎമ്മിലുള്ളത്. അതേസമയം, ദേശാഭിമാനി ദിനപത്രത്തിന്റെ റസിഡന്റ് എഡിറ്റര്‍ ഇപ്പോൾ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് ആണ്. എന്നാൽ സ്വരാജ് ദേശാഭിമാനി ദിനപത്രത്തിന്റെ റസിഡന്റ് എഡിറ്റര്‍ ചുമതല ഏറ്റെടുത്തതിനു ശേഷം പല വീഴ്ചകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് നടന്‍ മോഹന്‍ലാലിന്റെ അമ്മ മരിച്ചുപോയി എന്ന തരത്തില്‍ മോഹന്‍ലാല്‍ ലേഖനം എഴുതിയതായി ഒരു വ്യാജ ലേഖനം ദേശാഭിമാനി അച്ചടിച്ചിറക്കിയത്. കവിയൂര്‍ പൊന്നമ്മയുടെ നിര്യാണവാര്‍ത്തക്കൊപ്പമാണ് മോഹന്‍ലാലിന്റേതെന്ന പേരില്‍ വ്യാജ അനുസ്മരണക്കുറിപ്പ് ദേശാഭിമാനി പ്രസിദ്ധികരിച്ചത്. എന്നാൽ മോഹൻലാലിൻറെ ജീവിച്ചിരിക്കുന്ന അമ്മയെ കൊന്ന ദേശാഭിമാനി ഇതുവരെ ഇതിൽ പരസ്യമായി മാപ്പൊന്നും പറയാൻ തയാറായിട്ടില്ല. ഇതിനിടയിലാണ് വീണ്ടും പാർട്ടി പത്രത്തിൽ അബദ്ധം പറ്റിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *