തിരുവനന്തപുരം: കാട്ടാക്കടയിൽ ഒന്നര വയസുള്ള കുഞ്ഞിനെ അച്ഛന്റെ ആദ്യ ഭാര്യയും അമ്മയുടെ സഹോദരിയുമായ സ്ത്രീ കിണറ്റിലെറിഞ്ഞ് കൊന്നു. ശ്രീകണ്ഠൻ (45) – സിന്ധു (39) ദമ്പതികളുടെ മകൻ അനന്തൻ ആണ് മരിച്ചത്. സംഭവത്തിൽ കുഞ്ഞിൻറെ മാതൃസഹോദരി മഞ്ജുവിനെ (36) വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെ കാട്ടാക്കട കൊണ്ണിയൂർ സൈമൺ റോഡിലാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മ തുണി നനച്ചുകൊണ്ടിന്നപ്പോൾ ഉറങ്ങിക്കിടന്ന കുട്ടിയെ കിണറ്റിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറഞ്ഞത്.

ഇവർ കുട്ടിയെ എടുത്തുകൊണ്ട് നടക്കാറുണ്ടെന്നും അടുത്തുള്ള വീടുകളിൽ കൊണ്ടുപോകാറുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. കുട്ടിയെ കിണറ്റിൽ നിന്നും എടുത്തതേ ജീവൻ നഷ്ടപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്.

ശ്രീകണ്ഠൻറെ ആദ്യ ഭാര്യയാണ് മഞ്ജുവെന്നും മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുന്ന ആളാണെന്നും പോലീസ് പറയുന്നു.

രണ്ടാമത്തെ പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്നങ്ങളുണ്ടായെന്നും തുടർന്ന് മഞ്ജുവിൻറെ അവിവാഹിതയായ സഹോദരി സിന്ധുവിനെ ശ്രീകണ്ഠൻ വിവാഹം കഴിക്കുകയുമായിരുന്നു.

ശ്രീകണ്ഠനും ഭാര്യമാരും ഇവരുടെ അമ്മയും ജയൻ എന്നാളുടെ വീട്ടിൽ വാടകക്ക് താമസിച്ചു വരികയായിരുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.