ലോകപ്രസിദ്ധ ഗായികയും നടിയും ബിസിനസുകാരിയുമായ സെലീന ഗോമസ് തന്റെ സംഗീത കരിയർ അവസാനിപ്പിക്കുമെന്ന് സൂചന നൽകിയ അഭിമുഖം ചർച്ചയാകുന്നു. ജേസൺ ബേറ്റ്മാനുമായുള്ള സ്മാർലെസ് എന്ന പോഡ്കാസ്റ്റിലാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന മ്യൂസിക് ആൽബം തന്റെ അവസാനത്തെ ആൽബമായേക്കാമെന്ന് അവർ പറയുന്നത്.

ഇനി സ്റ്റുഡിയോയിൽ ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം സ്‌ക്രീനിലായിരിക്കാനാണ് തന്റെ പുതിയ പ്ലാനെന്നും സെലീന കൂട്ടിച്ചേർത്തു. അതായത് സംഗീതത്തേക്കാൾ താൻ ഇനി അഭിനയത്തിന് പ്രാധാന്യം കൊടുക്കുമെന്നാണ് സെലീന വ്യക്തമാക്കിയിരിക്കുന്നത്.

സെലീന ഒരു അനുഗ്രഹീത ഗായികയാണെന്നും അതുകൊണ്ട് ഒരു ഫീൽഡിൽ മാത്രം സ്വയം പരിമിതപ്പെടുത്തരുതെന്നും അവതാരകർ പറഞ്ഞെങ്കിലും തനിക്ക് ഒരു ഇടവേള അത്യാവശ്യമാണെന്നും താൻ ക്ഷീണിതയാണെന്നും സെലീന ഗോമസ് പറഞ്ഞു. ഇനി തന്റെ മാനസികാരോഗ്യത്തിന് മുൻഗണന കൊടുക്കുമെന്നും അഭിമുഖത്തിൽ സെലീന കൂട്ടിച്ചേർത്തു.

സെലീന തമാശ പറഞ്ഞതാകണേ എന്നാണ് എക്‌സിലെ ഒരുകൂട്ടം സെലീന ഗോമസ് ആരാധകർ പ്രാർത്ഥിക്കുന്നത്. കരിയറിലെ അവസാനത്തെ ആൽബമാണ് ഇനി വരാനിരിക്കുന്നതെങ്കിൽ അതൊരു ഭീകര സംഭവമായിരിക്കുമെന്ന് ചില നെറ്റിസൺസ് പറയുന്നു. നഷ്ടം മ്യൂസിക് ഇൻഡസ്ട്രിക് ആയിരിക്കില്ലെന്നും അത് സെലീനയ്ക്ക് മാത്രമായിരിക്കുമെന്നും മറ്റുചിലരും പറയുന്നു. സംഗീതത്തിനും അഭിനയത്തിനുമൊപ്പം സെലീന റെയർ ബ്യൂട്ടി എന്ന ഒരു കോസ്‌മെറ്റിക്‌സ് ബ്രാൻഡ് കൂടി വിജയകരമായി നടത്തിവന്നിരുന്നു