ഡൽഹി: 2024ലെ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കാൻ തയ്യാറായി ഒരു പറ്റം വനിതകൾ. മാർച്ച് ചെയ്യുന്നത് മുതൽ നിശ്ചല ദൃശ്യങ്ങളിലും പ്രകടനങ്ങളിലും വരെ പങ്കെടുക്കുന്നത് സ്ത്രീകൾ മാത്രമായിരിക്കും. സൈന്യത്തിലും മറ്റ് മേഖലകളിലും സ്ത്രീ പ്രാതിനിധ്യവും ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങളുടെ ഭാഗമാണ് തീരുമാനം.

ചരിത്രത്തിലാദ്യമായ് 907 ൽ പരം എൻ.സി.സി കാഡറ്റുകൾ ഉൾപ്പെടെ നിരവധി വനിതകൾ റിപ്പബ്ലിക്ക് പരേഡിൽ അണിനിരക്കുന്ന കാഴ്ച്ചയാണ് ഇത്തവണ കാണാൻ പോകുന്നത്.കുറച്ചു വർഷങ്ങളായി വനിതാ പ്രാതിനിധ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് റിപ്ലബിക് പരേഡ് നടത്തുന്നത്. വിവിധ സേനാവിഭാ​​ഗങ്ങൾ വനിതകളുടെ എണ്ണം വർധിപ്പിച്ചുവരികയാണ്. ആദ്യമായി 2015 ൽ മൂന്ന് സൈനിക സർവീസുകളിൽ നിന്നായി ഒരു പൂർണ വനിതാ സംഘം പരേഡിൽ അണിനിരന്നിരുന്നു. 2019ൽ ക്യാപ്റ്റൻ ശിഖ സുരഭി കരസേനയുടെ ഡെയർ ഡെവിൾസ് ടീമിന്റെ ഭാഗമായി ബൈക്ക് പ്രകടനം അവതരിപ്പിക്കുന്ന ആദ്യത്തെ വനിതാ ഓഫീസറായി.

2020ൽ ക്യാപ്റ്റൻ ടാനിയ ഷെർഗിൽ പുരുഷ പരേഡ് സംഘത്തെ നയിക്കുന്ന ആദ്യ വനിതാ ഉദ്യോഗസ്ഥയായി. 2021-ൽ ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് ഭാവനാ കാന്ത് പരേഡിൽ പങ്കെടുക്കുന്ന ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റായി.അങ്ങനെ ഇന്ത്യയിൽ സ്ത്രീപ്രാതിനിധ്യം വർദ്ധിപ്പിക്കുന്ന വിവിധ പദ്ധതികൾ തയ്യാറാക്കുകയാണ് സർക്കാർ.അത്തരത്തിലൊന്നാണ് റിപ്പബ്ലിക് പരേഡിലെ സ്ത്രീകളുടെ പങ്കാളിത്തം.ഇതിന്റെ ഭാ​ഗമായി ആ​ഭ്യ ന്തര, സാംസ്കാരിക, നഗരവികസന മന്ത്രാലയങ്ങൾ സംയുക്തമായി നടത്തുന്ന തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. പ്രതിരോധ സേനകളിലെയും അർധസൈനിക വിഭാഗങ്ങളിലെയും വനിതാ സൈനിക കമാൻഡർമാരെയും ഡെപ്യൂട്ടി കമാൻഡർമാരെയും ഉൾപ്പെടുത്തിയുള്ള പ്രത്യേക പരിശീലനം പുരോഗമിക്കുന്നു.

അതേ സമയം പരേഡിൽ കേരളത്തിന്റെ ഫ്ളോട്ടുകൾ പ്രദർശിപ്പിക്കാൻ ചെങ്കോട്ടയിൽ ജനുവരി 26 മുതൽ 31 വരെ നടക്കുന്ന ഭാരത് പർവ് പരിപാടിയിൽ അവസരമൊരുക്കാമെന്ന് കേരളത്തെ സാംസ്കാരിക മന്ത്രാലയം അറിയിച്ചു. വികസിത് ഭാരത്, ജനാധിപത്യത്തിന്റെ മാതാവ് എന്നിങ്ങനെ രണ്ട് വിഷയങ്ങളിലാണ് ഫ്ളോട്ടുകൾ തയ്യാറാക്കാൻ സംസ്ഥാനങ്ങളെ അനുവദിച്ചത്.ഒക്ടോബർ, നവംബർ മാസങ്ങളിൽ മൂന്നുതവണ കേരളം പത്ത് ഡിസൈനുകൾ കേന്ദ്രത്തിന് കൈമാറി.

കേരളത്തിനെ പ്രതിനിധാനംചെയ്ത്‌ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിനു കീഴിലെ തിരുവനന്തപുരം പാലോട് ജവാഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഫ്ളോട്ടുകൾ ഡിസൈൻ ചെയ്തത്.