കൊച്ചി : ലക്ഷദ്വീപില്‍ മലയാളം മീഡിയം ഒഴിവാക്കുന്നു. കേരളത്തിന്റെ എസ്.സി.ഇ.ആര്‍.ടി സിലബസിന് പകരം സി.ബി.എസ്.ഇ സിലബസ് നടപ്പാക്കാന്‍ തീരുമാനം. അടുത്ത അധ്യയന വര്‍ഷം മുതല്‍ സി.ബി.എസ്.ഇ സിലബസിലേക്ക് മാറാന്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി.

മലയാളം കരിക്കുലത്തില്‍ പഠിപ്പിക്കുന്ന സ്‌കൂളുകള്‍ക്കാണ് നിര്‍ദ്ദേശം. ഒന്നാം ക്ലാസ് മുതല്‍ പ്രവേശനം ഇനി സി.ബി.എസ്.ഇ പ്രകാരമായിരിക്കുമെന്നാണ് ഉത്തരവിലുള്ളത്. നിലവില്‍ 9,10 ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്ക് മലയാളം മീഡിയം തുടരാം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനാണ് നടപടിയെന്നാണ് ഉത്തരവില്‍ വിശദീകരിക്കുന്നത്.

വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലെ എസ്.സി.ഇ.ആര്‍.ടി കേരള മലയാളം മീഡിയം ക്ലാസുകള്‍ സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റുന്നു എന്നാണ് ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

വിദ്യാര്‍ഥികളുടെ മത്സര പരീക്ഷകള്‍ക്കും ഭാവിയിലെ അക്കാദമിക്, പ്രൊഫഷണല്‍ ഉയര്‍ച്ചയ്ക്കും വേണ്ട വൈദഗ്ധ്യം ഉറപ്പ് വരുത്താനാണ് പുതിയ നീക്കമെന്നാണ് വകുപ്പ് ന്യായീകരിക്കുന്നത്. 2024-25 അധ്യയന വര്‍ഷം മുതല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സകൂളുകളും സി.ബി.എസ്.ഇയിലേക്ക് മാറണമെന്നാണ് പറയുന്നത്.

അടുത്ത വര്‍ഷം മുതല്‍ എട്ടാം ക്ലാസ് വരെയുള്ള മലയാളം മീഡിയം സി.ബി.എസ്.ഇയിലേക്ക് മാറും. ഒമ്പതും പത്തും ക്ലാസ്സില്‍ മലയാളം നിലനിര്‍ത്തും. രണ്ടു വര്‍ഷം കൊണ്ട് ഈ ക്ലാസുകള്‍ പൂര്‍ണമായും സി.ബി.എസ്.ഇയിലേക്ക് മാറുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

സ്‌കൂളുകളുടെ മാറ്റത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ആരംഭിക്കാന്‍ എല്ലാ പ്രിന്‍സിപ്പല്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ലക്ഷദ്വീപ് വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കുന്ന നയങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. കവരത്തി ഗവണ്‍മെന്റ് സീനിയറി സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളെ ഗേള്‍സ് സ്‌കൂളുകളിലേക്ക് മാറ്റിയ ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. ഉത്തരവ് അനുസരിച്ചുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി.

ഇതിനെതിരെ രക്ഷിതാക്കളും വിദ്യാര്‍ഥികളും പ്രതിഷേധിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ഇത്തരം നയങ്ങള്‍ ലക്ഷദ്വീപിന്റെ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന അശാസ്ത്രീയമായ നീക്കമാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.