കരച്ചില്‍ കേട്ട് നോക്കിയ വഴിയാത്രക്കാരാണ് കുട്ടിയെ ആദ്യം കണ്ടെത്തിയത്

ഒഡീഷയിലെ ഭുവനേശ്വറില്‍ തുറന്ന കുഴല്‍ക്കിണറിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ രക്ഷപ്പെടുത്തി. ഇരുപത് അടിയോളം താഴ്ചയുള്ള കുഴല്‍കിണറിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ആറുമണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് കുട്ടിയെ പുറത്തെത്തിച്ചത്.

ഭുവനേശ്വറിലെ സംബല്‍പൂര്‍ ജില്ലയിലെ റെഗാലിക്ക് സമീപമുള്ള ലാരിപാലി പ്രദേശത്തെ കുഴല്‍ക്കിണറിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടിയുടെ കരച്ചില്‍ കേട്ട നോക്കിയ വഴിയാത്രക്കാരാണ് അഗ്നിശമന സേനയെയും പ്രാദേശിക ഭരണകൂടത്തെയും വിവരം അറിയിച്ചത്.

തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങള്‍ ഉടനെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. കുഴല്‍ക്കിണറിന് സമാന്തരമായി കുഴിയെടുത്താണ് കുഞ്ഞിനെ പുറത്തെത്തിച്ചത്. ദുരന്ത നിവാരണ സേനാംഗങ്ങള്‍, ഡോക്ടര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ കഠിന പ്രയത്‌നമാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായകരമായത്.