കേരളീയത്തിന് ചെലവാക്കിയ കോടികളുടെ ഉറവിടം അനന്തം അജ്ഞാതം

തിരുവനന്തപുരം: കേരളീയം പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍ ആരാണെന്ന് അറിയില്ലെന്ന് ചീഫ് സെക്രട്ടറി. കേരളീയം പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍ ആരെല്ലാം, ഓരോരുത്തരും സ്‌പോണ്‍സര്‍ ചെയ്ത തുക എത്ര എന്നീ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി അഡ്വ. സി.ആര്‍ പ്രാണ കുമാര്‍ ചീഫ് സെക്രട്ടറിയോട് വിവരവകാശ നിയമപ്രകാരം ചോദ്യം ഉന്നയിച്ചിരുന്നു.

ആവശ്യപ്പെട്ട വിവരങ്ങള്‍ ലഭ്യമല്ലെന്നും വിവരങ്ങള്‍ നല്‍കുന്നതിനായി അപേക്ഷയുടെ പകര്‍പ്പ് ടൂറിസം, വിവര പൊതുജന സമ്പര്‍ക്കം, സാംസ്‌കാരിക കാര്യം, വ്യവസായം, നികുതി എന്നീ വകുപ്പുകളിലെ സ്റ്റേറ്റ് പബ്‌ളിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് കൈമാറിയിട്ടുണ്ടെന്നുമായിരുന്നു ചീഫ് സെക്രട്ടറിക്കു വേണ്ടി പൊതുഭരണ (ഏകോപന) വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ മറുപടി. നവംബര്‍ 21നാണ് പ്രാണകുമാറിന് മറുപടി ലഭിച്ചത്.

വ്യവസായ വകുപ്പില്‍ സ്‌പോണ്‍സര്‍മാരുടെ വിവരമില്ലെന്നും വ്യവസായ വാണിജ്യ ഡയറക്ടറേറ്റില്‍ അപേക്ഷ കൈമാറിയിട്ടുണ്ടെന്നുമായിരുന്നു മന്ത്രി പി. രാജീവിന്റെ വ്യവസായ വകുപ്പിന്റെ മറുപടി. നികുതി വകുപ്പില്‍ സ്‌പോണ്‍സര്‍മാരുടെ വിവരം ഇല്ലെന്നും ധനകാര്യ വകുപ്പിനും ജി.എസ്.ടി വകുപ്പ് കമ്മീഷണറുടെ ഓഫീസില്‍ അയച്ചു കൊടുത്തിട്ടുണ്ടെന്നുമായിരുന്നു മന്ത്രി ബാലഗോപാലിന്റെ നികുതി വകുപ്പിന്റെ മറുപടി.

സാംസ്‌കാരിക വകുപ്പില്‍ സ്‌പോണ്‍സര്‍മാരുടെ വിവരങ്ങള്‍ ലഭ്യമല്ലെന്നും സാംസ്‌കാരിക വകുപ്പ് അദ്ധ്യക്ഷ കാര്യാലയത്തില്‍ അപേക്ഷ അയച്ചിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്റെ സാംസ്‌കാരിക വകുപ്പും അറിയിച്ചു. ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റില്‍ കേരളീയം പോലൊരു പരിപാടിയുടെ സ്‌പോണ്‍സര്‍മാരുടെ വിശദാംശങ്ങള്‍ ഇല്ലാത്തത് ദൂരൂഹമാണ്.

അഡ്വ. സി.ആര്‍ പ്രാണകുമാര്‍

കേരളീയം പരിപാടിയുടെ കണ്‍വീനറായ ചീഫ് സെക്രട്ടറിക്ക് പോലും സ്‌പോണ്‍സറുടെ വിവരങ്ങള്‍ ലഭ്യമല്ലാത്തത് ദുരൂഹമാണ്. നവംബര്‍ 1 മുതല്‍ ഒരാഴ്ച നീണ്ടു നിന്ന കേരളീയം പരിപാടിക്ക് 27 കോടി രൂപയാണ് ഖജനാവില്‍ നിന്ന് മുടക്കിയത്. ബാക്കി തുക കണ്ടെത്തിയത് സ്‌പോണ്‍സര്‍ഷിപ്പിലൂടെയും. സര്‍ക്കാരിലേക്ക് നികുതി പിരിക്കാന്‍ ചുമതലപെടുത്തിയ ജി.എസ്.ടി കമ്മീഷണര്‍ക്കായിരുന്നു സ്‌പോണ്‍സര്‍ഷിപ്പിന്റെ ചുമതല. കേരളീയം പരിപാടിക്ക് കോടികള്‍ പിരിച്ച ജി.എസ്.ടി കമ്മീഷണറെ പരിപാടി വേദിയില്‍ മുഖ്യമന്ത്രി ആദരിക്കുകയും ചെയ്തിരുന്നു.

മുറുക്കാന്‍ കച്ചവടക്കാര്‍ മുതല്‍ ക്വാറി മാഫിയ വരെ നീണ്ടു നിന്ന പിരിവായിരുന്നു കേരളീയത്തിന്റേത്. പരിപാടിയുടെ വേദിയും സജ്ജീകരണങ്ങളും ഒരുക്കിയത് സി.പി.എം ജില്ലാ സെക്രട്ടറി ജോയി എം.എല്‍.എയുടെ നേതൃത്വത്തില്‍ ആയിരുന്നു. ടെണ്ടറില്ലാതെ ആയിരുന്നു കേരളീയത്തിന്റെ പ്രവൃത്തികള്‍ നല്‍കിയത്. സി.പി.എമ്മിന്റെ ആളുകള്‍ക്കാണ് നിര്‍മ്മാണ പ്രവൃത്തികള്‍ ലഭിച്ചത്.

3 കോടിയുടെ വൈദ്യുത അലങ്കാരത്തിന്റെ ചുമതല സി.പി.എമ്മിന്റെ സ്വന്തം ഊരാളുങ്കലിനും . കേരളീയം കൊണ്ട് കോളടിച്ചത് സിപിഎമ്മിനെന്ന് വ്യക്തം. നികുതി പിരിക്കേണ്ട ജി.എസ്.ടി കമ്മീഷണറെ കൊണ്ട് സ്‌പോണ്‍സര്‍ഷിപ്പ് കണ്ടെത്തിയത് സര്‍ക്കാര്‍ ചടങ്ങളുടെ ലംഘനമാണ്. ഇതിനെതിരെ പ്രതിപക്ഷം നീയമ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. സ്‌പോണ്‍സര്‍മാരുടെ വിശദാംശങ്ങള്‍ പുറത്ത് വിടാതെ വിവരവകാശ പ്രവര്‍ത്തകനെ വട്ടം ചുറ്റിക്കുകയാണ് ചീഫ് സെക്രട്ടറിയും മന്ത്രിമാരും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments