ന്യൂഡല്‍ഹി: തീവ്രഹൈന്ദവ കാര്‍ഡ് ഇറക്കിയ ബിജെപിക്കെതിരെ മൃദുഹിത്വത്തിലൂടെ മറുപടി നല്‍കാനിറങ്ങിയ കമല്‍നാഥിന് ഏറ്റുവാങ്ങേണ്ടി വന്നത് കനത്ത പരാജയം. പലപ്പോഴും കോണ്‍ഗ്രസിന്റെ ദേശീയ നയത്തിന് മുകളിലായിരുന്നു കമല്‍നാഥിന്റെ തീരുമാനങ്ങള്‍.
മുന്‍ മുഖ്യമന്ത്രിയായ കമല്‍നാഥിന് ചുറ്റുമായിരുന്നു മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ പ്രചാരണം. എന്നാല്‍, കമല്‍നാഥിന്റെ തന്ത്രങ്ങള്‍ അമ്പേ പാളിയെന്നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ വ്യക്തമാകുന്നത്.
ബി.ജെ.പിയേക്കാളും ആവേശത്തോടെ രാമക്ഷേത്ര വിഷയം പല ഘട്ടങ്ങളിലും കമല്‍നാഥ് ഉയര്‍ത്തി. തെരഞ്ഞെടുപ്പിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ രാമക്ഷേത്രം കോണ്‍ഗ്രസ് നേട്ടമായി ഉയര്‍ത്തിക്കാട്ടാനായിരുന്നു കമല്‍നാഥിന്റെ ശ്രമം. രാമക്ഷേത്രത്തിന്റെ ഭൂമി പൂജയുടെ തലേന്ന് ക്ഷേത്ര നിര്‍മാണത്തിന് മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ വക 11 വെള്ളിക്കട്ടകള്‍ നല്‍കുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ കമല്‍ നാഥിന്റെ പ്രഖ്യാപനം.
ക്ഷേത്രത്തിന്റെ ഭൂമിപൂജയുടെ തലേന്ന് അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ ഹനുമാന്‍ ഭജനയോടനുബന്ധിച്ചാണ് ഇതേക്കുറിച്ച് കമല്‍നാഥ് പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് അംഗങ്ങള്‍ നല്‍കിയ സംഭാവനകളില്‍ നിന്നാണ് വെള്ളിക്കട്ടകള്‍ വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മധ്യപ്രദേശിന്റെ സന്തോഷത്തിനും പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടിയാണ് ഹനുമാന്‍ ഭജന ചൊല്ലിയതെന്ന് മുന്‍ മുഖ്യമന്ത്രി കൂടിയായ കമല്‍നാഥ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. സംസ്ഥാനത്തെ ജനങ്ങളെ പ്രതിനിധീകരിച്ചാണ് അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ ഞങ്ങള്‍ 11 വെള്ളിക്കട്ടകള്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പക്ഷേ, ജനങ്ങളുടെ വോട്ടുകളെ സ്വാധീനിക്കാന്‍ കമല്‍നാഥിന്റെ പ്രസ്താവനക്കും കഴിഞ്ഞില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങളും തെളിയിക്കുന്നത്.
1985ല്‍ രാമജന്മഭൂമി തുറന്നുകൊടുത്ത അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് യഥാര്‍ഥത്തില്‍ ക്ഷേത്രത്തിന് അടിത്തറയിട്ടതെന്നും കമല്‍നാഥ് അവകാശപ്പെട്ടു. ‘രാമരാജ്യം സ്ഥാപിക്കപ്പെടണമെന്ന് രാജീവ്ജി 1989ല്‍ പറഞ്ഞിരുന്നു. രാമക്ഷേത്ര സ്വപ്നം സാക്ഷാത്കരിക്കപ്പെടാന്‍ കാരണം രാജീവ് ഗാന്ധിയാണ്. അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ വളരെയേറെ സന്തോഷിക്കുമായിരുന്നു’ -കമല്‍നാഥ് പറഞ്ഞു. പക്ഷേ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ തന്നെ കമല്‍നാഥിന്റെ പ്രചാരണം ഏശിയില്ലെന്നതാണ് തെളിയിക്കുന്നത്.