ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആകെ ആശ്വാസം കിട്ടിയത് തെലങ്കാനയില്‍ മാത്രം. മൂന്നാംവട്ടം അധികാരത്തിലെത്താനുള്ള കെ. ചന്ദ്രശേഖര്‍ റാവുവിന്റെ സ്വപ്‌നം തല്ലിക്കെടുത്തിയത് തെലങ്കാന പിസിസി അധ്യക്ഷന്‍ അനുമൂല രേവന്ദ് റെഡ്ഡിയെന്ന 54കാരനായ കോണ്‍ഗ്രസ് നേതാവ്.

തെരഞ്ഞെടുപ്പില്‍ ബി.ആര്‍.എസിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. തെലുഗുദേശത്തെ രാഷ്ട്രീയ മര്‍മം കൃത്യമായി മനസ്സിലാക്കി പ്രവര്‍ത്തിച്ച രേവന്ദ് റെഡ്ഡിയാണ് ഇതിന്റെ അവകാശം കിട്ടേണ്ടതും. ഇനി തെലങ്കാന കോണ്‍ഗ്രസ് ഭരിക്കുമെന്ന് ഉറച്ചു പറയുന്ന രേവന്ദ് ചടുല നീക്കങ്ങളോടെയാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡിന് മുന്നിലെത്തുക രണ്ട് പേരുകളാണ്. പിസിസി അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുടേതും, പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ മുഖമായ ഭട്ടി വിക്രമാര്‍കയുടേതും

കടന്നുവന്ന രാഷ്ട്രീയ ചുവടുകള്‍ തന്നെയാണ് രേവന്ദിന് തുണയായത്. എബിവിപിയിലൂടെ രാഷ്ട്രീയം തുറന്നു, 2008 മുതല്‍ 2017 വരെ തെലുങ്കുദേശത്തിന്റെ സ്വന്തം, 2018ല്‍കോണ്‍ഗ്രസിന്റെ ഇടം കൈ പിടിച്ചു, 21ല്‍ പിസിസി അധ്യക്ഷനായതോടെ പാര്‍ട്ടിയുടെ വലംകൈ ആയി. തെലങ്കാന ഇനി കോണ്‍ഗ്രസിനുള്ളതെന്ന് ഉറപ്പിച്ചായിരുന്നു രേവന്ദിന്റെ ചടുലനീക്കങ്ങള്‍.

മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് എതിരാളിയായി കാമറെഡ്ഡിയില്‍ നിന്നും , ടിഡിപി ടിക്കറ്റില്‍ രണ്ടുതവണ വിജയിച്ച കോടങ്കല്‍ നിന്നുമാണ് രേവന്ദ് മത്സരിച്ചത്. 2018ല്‍ ബിആര്‍എസ് നേതാവിനോട് തോല്‍വി ഏറ്റുവാങ്ങിയെങ്കിലും 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടി. 1969 നവംബര്‍ 8ന് കൊണ്ടാറെഡിപള്ളി വില്ലേജില്‍ ജനനം. വിദ്യാര്‍ത്ഥികാലം എബിവിപിക്കൊപ്പം, ഒസ്മാനിയ സര്‍വകലാശാലയില്‍ നിന്നും ബിരുദത്തിനു ശേഷം 90കളില്‍ പ്രിന്റിങ് പ്രസും റിയല്‍ എസ്റ്റേറ്റ് ബിസിനസും. 24ാം വയസില്‍ മുന്‍ കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഡിയുടെ സഹോദരപുത്രി ഗീതയുമായി പ്രണയം, വിവാഹം.

താഴേക്കിടയിലേക്ക് ഇറങ്ങിയുള്ള പ്രവര്‍ത്തനം കെസിആറിനെ അട്ടിമറിച്ച് ഭരണം പിടിക്കാന്‍ സഹായിക്കുമെന്ന ഉറച്ച വിശ്വാസമായിരുന്നു രേവന്ത് റെഡ്ഡിക്കും ഭട്ടിക്കുമുണ്ടായിരുന്നത്. അത് ഫലം കാണുകയാണ്. കെസിആറിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച രേവന്ത് യുവാക്കളുടെയും പ്രിയങ്കരനാണ്. പതിവ് കോണ്‍ഗ്രസ് രീതികള്‍ക്കും പഴഞ്ചന്‍ പ്രചരണ മാര്‍ഗങ്ങള്‍ക്കുമപ്പുറം മാറിയ കാലത്തിനനുസരിച്ചുള്ള പ്രചരണ രീതികളും രേവന്ദ് റെഡ്ഡി സ്വീകരിച്ചു.

മൂഹ മാധ്യമ പേജുകള്‍ കൈകാര്യം ചെയ്യാന്‍ ഊര്‍ജസ്വലരായ ടീമിനെ വച്ചു. വാട്‌സാപ് ഗ്രൂപ്പുകളിലൂടെയുള്ള സജീവമായ ഇടപെടലുകളും രേവന്ത് റെഡ്ഡിയെ അണികള്‍ പറയുന്നത് പോലെ ‘പാന്‍ തെലങ്കാന’ നേതാവാക്കി മാറ്റി. കോണ്‍ഗ്രസിന്റെ നട്ടെല്ലായ റെഡ്ഡി വിഭാഗത്തില്‍ നിന്ന് വരുന്നുവെന്നത് തന്നെയാണ് രേവന്തിന്റെ മറ്റൊരു പ്രത്യേകത. അതേസമയം, പ്രവര്‍ത്തന പരിചയം കൊണ്ടും ജനപിന്തുണ കൊണ്ടും പൊതുസമ്മതനാണ് ഭട്ടി വിക്രമര്‍ക. മാല സമുദായത്തില്‍ നിന്നുള്ള ദളിത് നേതാവ്.. കര്‍ഷകരുടെയും തൊഴിലാളികളുടെയും സ്വന്തം. അവര്‍ക്കിടയിലെയൊരാള്‍.

മധീര മണ്ഡലത്തെയാണ് ബട്ടി പ്രതിനിധീകരിക്കുന്നത്. ഹൈദരാബാദിലെ നിസാം കോളേജില്‍ നിന്ന് ബിരുദവും ഹൈദരാബാദ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. വൈഎസ്ആര്‍ സ്‌കൂളിലെ രാഷ്ട്രീയം, രാജശേഖര റെഡ്ഡിയുടെ വിശ്വസ്തനായ ഭട്ടി അദ്ദേഹവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഡപ്യൂട്ടി സ്പീക്കര്‍, വിപ്പ്, നിയമസഭാ കക്ഷി നേതാവ് ഇതിനെല്ലാമപ്പുറം കളതീര്‍ന്ന രാഷ്ട്രീയ ജീവിതവും ഭട്ടിയെ തെലങ്കാന കോണ്‍ഗ്രസില്‍ പ്രബലനാക്കുന്നുണ്ട്.

ജനങ്ങളെ അറിയാന്‍ തെലങ്കാനയുടെ നെടുകെയും കുറുകെയുമായി നടന്ന 1300 കിലോമീറ്ററുകള്‍ വോട്ടാകുമെന്ന ആത്മവിശ്വാസം വെറുതെയായില്ല. രാഹുലിന്റെയും ഹൈക്കമാന്‍ഡിന്റെയും വിശ്വസ്തനാണെന്നതും തെലങ്കാനയില്‍ കോണ്‍ഗ്രസ് ഭരണം പിടിക്കുമ്പോള്‍ ഭട്ടിയുടെ സാധ്യതകള്‍ കൂട്ടുന്നു.