സര്‍ക്കാരിന് കനത്ത തിരിച്ചടി; കണ്ണൂര്‍ വിസി പുനര്‍ നിയമനം സുപ്രീംകോടതി റദ്ദാക്കി

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍ നിയമനക്കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. ഡോ. ഗോപിനാഥ് രവീന്ദ്രനെ വിസിയായി പുനര്‍ നിയമിച്ചത് സുപ്രീംകോടതി റദ്ദാക്കി. ഗവര്‍ണര്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് നിയമനം നടത്തിയത്. അത്തരം നിയമനം അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ നിര്‍ണായക വിധി പ്രസ്താവിച്ചത്. നാലു വിഷയങ്ങളാണ് കേസില്‍ പരിഗണിച്ചതെന്ന് ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് ജെ ബി പര്‍ദിവാല പറഞ്ഞു. ഒരു വിസിയെ പുനര്‍ നിയമിക്കുന്നതില്‍ തെറ്റില്ല. നിലവില്‍ നിയമിച്ച ഒരാളെ വീണ്ടും നിയമിക്കുമ്പോള്‍ 60 വയസ് എന്ന പ്രായപരിധി ഘടകമല്ലെന്നും കോടതി വ്യക്തമാക്കി. 

ഡോ. ഗോപിനാഥ് രവീന്ദ്രന് വിസിയായി പുനര്‍ നിയമിക്കാന്‍ യോഗ്യതയുണ്ടോ എന്നത് കോടതി പരിശോധിച്ചില്ല. അത് സെലക്ഷന്‍ കമ്മിറ്റിയാണ് പരിശോധിക്കേണ്ടത്. അതേസമയം നിയമന രീതി ചട്ടവിരുദ്ധമാണ്. ഗവര്‍ണര്‍ ചാന്‍സലര്‍ എന്ന നിലയില്‍ സമ്മര്‍ദ്ദമില്ലാതെ സ്വതന്ത്രമായാണ് നിയമനം നടത്തേണ്ടത്. വിസി പുനര്‍ നിയമനം ശരിവെച്ച കേരള ഹൈക്കോടതി വിധിയെയും സുപ്രീം കോടതി വിമര്‍ശിച്ചു.

കേരള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. 

കഴിഞ്ഞ തവണ ഈ കേസുകള്‍ പരിഗണിച്ചപ്പോള്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും നിരീക്ഷണങ്ങളും സുപ്രീകോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. പ്രധാനമായും വിസി പുനര്‍നിയമനത്തിന് യോഗ്യത മാനദണ്ഡം പാലിക്കണമന്ന് സുപ്രിം കോടതി കഴിഞ്ഞ തവണ പറഞ്ഞിരുന്നു. അതേസമയം പുനര്‍നിയമനത്തിന് പ്രായപരിധി ചട്ടം ബാധകമല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ വാദിച്ചത്.

60 വയസ് കഴിഞ്ഞവരെ വൈസ് ചാന്‍സലറായി നിയമിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല നിയമ പ്രകാരം കഴിയില്ല. അതുകൊണ്ട് തന്നെ 60 വയസ് കഴിഞ്ഞ ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതെങ്ങനെയാണെന്ന് സുപ്രീം കോടതി കഴിഞ്ഞ തവണ ചോദിച്ചിരുന്നു. ഡോ. ​ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തെ ചാന്‍സലര്‍ ആയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സുപ്രീം കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments