ആറുലക്ഷം ക്ഷേമ പെന്‍ഷന്‍കാരെ വെട്ടിമാറ്റി സര്‍ക്കാര്‍; ജൂണില്‍ പെന്‍ഷന്‍ കിട്ടിയവരില്‍ 5,92,596 പേര്‍ക്ക് ജൂലൈയിലെ ക്ഷേമ പെന്‍ഷന്‍ ലഭിക്കില്ല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന് അര്‍ഹരായവരുടെ പേര് വെട്ടിക്കുറച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ആറുലക്ഷം പേരെയാണ് ഒരുമാസം കൊണ്ട് ഒഴിവാക്കിയത്. അതായത് മെയ് – ജൂണ്‍ മാസം ക്ഷേമ പെന്‍ഷന്‍ ലഭിച്ചവരില്‍ ആറുലക്ഷം പേര്‍ക്ക് ജൂലൈ മാസത്തെ ക്ഷേമ പെന്‍ഷന് അര്‍ഹതയില്ലാതായി മാറി.

മെയ് മാസത്തില്‍ 50,67,633 പേര്‍ക്കും ജൂണ്‍ മാസം 50,90,390 പേര്‍ക്കും സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ നല്‍കിയെങ്കില്‍ ജൂലൈ മാസം നല്‍കിയത് ആകെ 44,97,794 പേര്‍ക്ക് മാത്രം. 667,15,45,600 രൂപയാണ് ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷ പെന്‍ഷനായി അനുവദിച്ചത്.

മേയില്‍ 757.03 കോടിയും ജൂണില്‍ 760.56 കോടിയും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ അനുവദിച്ച സ്ഥാനത്ത് ജൂലൈ മാസം അനുവദിച്ചത് വെറും 667.15 കോടി രൂപ മാത്രം. 5,92,596 പേരുടെ ക്ഷേമ പെന്‍ഷനാണ് വെട്ടിമാറ്റിയത്. 89.88 കോടിയാണ് ക്ഷേമ പെന്‍ഷന്‍ തുകയായി ഇവര്‍ക്ക് ലഭിക്കേണ്ടിയിരുന്നത്. അതായത്, 89,88,37,300 രൂപ ഇത്രയും പേരുടെ ക്ഷേമ പെന്‍ഷന്‍ വെട്ടിമാറ്റിയതിലൂടെ സര്‍ക്കാര്‍ ലാഭിച്ചു.

ജൂലൈ മാസം ക്ഷേമപെന്‍ഷന് അനുവദിച്ചത് 44,97,794 പേര്‍ക്കുള്ള 667.15 കോടി രൂപയെന്ന് വ്യക്തമാക്കുന്ന സര്‍ക്കാര്‍ ഉത്തരവ്

അഞ്ച് മാസത്തെ ക്ഷേമപെന്‍ഷനാണ് കുടിശികയായത്. ക്ഷേമ പെന്‍ഷന്‍ കുടിശികയാക്കി സര്‍ക്കാര്‍ നടത്തുന്ന ധൂര്‍ത്തിനെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. കോടികള്‍ ചെലവഴിച്ച് നടത്തിയ കേരളീയം പരിപാടിക്ക് പിന്നാലെ ഒന്നരമാസത്തെ നവകേരള സദസുമായി പിണറായിയും സംഘവും കേരളത്തിലുടനീളം സഞ്ചരിക്കുകയാണ്.

മെയ് മാസത്തില്‍ 50,67,633 പേര്‍ക്കും ജൂണ്‍ മാസം 50,90,390 പേര്‍ക്കും സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ നല്‍കിയെന്ന് വ്യക്തമാക്കുന്ന സര്‍ക്കാര്‍ ഉത്തരവ്

80 വയസു കഴിഞ്ഞ രണ്ട് വയോധികമാര്‍ ക്ഷേമ പെന്‍ഷന്‍ കുടിശികയായതിനെ തുടര്‍ന്ന് ആഹാരം കഴിക്കാന്‍ നിവൃത്തിയില്ലാതെ ചട്ടിയുമായി പിച്ചയ്ക്ക് ഇറങ്ങേണ്ടി വന്നതോടെ ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ കൊടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

ജൂലൈ മാസത്തെ ക്ഷേമ പെന്‍ഷന്‍ കൊടുക്കാന്‍ ഇറക്കിയ ഉത്തരവിലാണ് മുന്‍ മാസത്തെ അപേക്ഷിച്ച് 5,92,596 ഗുണഭോക്താക്കളെ വെട്ടിമാറ്റിയത്. ഇതിന്റെ കാരണം ധനവകുപ്പ് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. അപേക്ഷിക്കുന്നവര്‍ക്ക് കൃത്യമായി പെന്‍ഷന്‍ അനുവദിച്ചാല്‍ ഓരോ മാസവും ക്ഷേമ പെന്‍ഷന്‍ കിട്ടേണ്ടവരുടെ എണ്ണം കൂടേണ്ട സ്ഥാനത്താണ് വ്യാപക വെട്ടി നിരത്തല്‍ ധനവകുപ്പ് നടത്തിയിരിക്കുന്നത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് രണ്ട് പെന്‍ഷന്‍ വരെ ലഭിക്കുമായിരുന്നു. തോമസ് ഐസക്ക് ധനമന്ത്രിയായ സമയത്താണ് ക്ഷേമ പെന്‍ഷനുകള്‍ ഏകീകരിച്ച് ഒറ്റ പെന്‍ഷനായി മാറ്റിയത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments