Crime

മാനവീയം വീഥിയില്‍ വീണ്ടും അക്രമം: മദ്യപസംഘം പോലീസിനെ കല്ലെറിഞ്ഞു, കസേരകള്‍ തല്ലിതകര്‍ത്തു; ഒരു സ്ത്രീക്ക് പരിക്ക്

തിരുവനന്തപുരം: കേരളത്തിലെ ആദ്യ നൈറ്റ് ലൈഫ് സെന്ററായി പ്രഖ്യാപിച്ച മാനവീയം വീഥിയില്‍ വീണ്ടും അക്രമം. ഒരുസംഘം യുവാക്കള്‍ മദ്യപിച്ച് പരസ്പരം ഏറ്റുമുട്ടുകയും പോലീസിനെയും നാട്ടുകാരെയും കല്ലെറിയുകയും ചെയ്തു.

കേരളീയം പരിപാടിക്കിടെ രണ്ടാമത്തെ അക്രമമാണ് മാനവീയത്ത് ഇന്നലെ നടന്നത്. കല്ലേറില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്ന യുവാക്കളാണ് അക്രമം അഴിച്ചുവിട്ടത്.

നെട്ടയം സ്വദേശി രാജിക്കാണ് കല്ലേറില്‍ പരിക്കുപറ്റിയത്. പോലീസിനുനേരെ കല്ലെറിഞ്ഞ നാലുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഉച്ചഭാഷിണി 12 മണിക്ക് നിര്‍ത്തിവെച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയും മാനവീയം വീഥിയില്‍ നൈറ്റ് ലൈഫില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ രാത്രി 12 മണിക്ക് ശേഷം മൈക്ക് ഓഫ് ചെയ്യാന്‍ മ്യൂസിയം പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. ഇത് അനുസരിക്കാന്‍ ഒരു കൂട്ടര്‍ തയ്യാറായില്ല. ഇതേച്ചൊല്ലി തര്‍ക്കമുണ്ടായി. ഇതിനിടെ പൊലീസിന് നേര്‍ക്ക് ചിലര്‍ കസേരയെറിഞ്ഞു.

തുടര്‍ന്ന് വീണ്ടും പൊലീസ് ഇടപെട്ടതോടെ, ഒരു സംഘം പൊലീസിന് നേര്‍ക്ക് കല്ലെറിയുകയായിരുന്നു. കല്ലേറില്‍ പരിക്കേറ്റ സ്ത്രീയെ പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനവീയം വീഥിയിലെ തുടര്‍ സംഘര്‍ഷങ്ങള്‍ പൊലീസിന് തലവേദനയായി മാറിയിട്ടുണ്ട്.

11 മണിക്കുശേഷം ദ്രുതകര്‍മ്മ സേനയെ ഇറക്കാനാണ് പോലീസ് തീരുമാനം. റോഡിന്റെ ഇരുവശത്തും ബാരിക്കേഡുകള്‍ സ്ഥാപിക്കും. സംശയമുള്ളവരെ ഡ്രഗ് കിറ്റുകൊണ്ടുള്ള പരിശോധനയും മാനവീയം വീഥിയില്‍ നടത്തും. മാനവീയം വീഥിയില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *