തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാന സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുകയാണെന്ന് പറഞ്ഞ ഗവര്‍ണറുടെ ചെലവും ബജറ്റ് കടന്നുപോകുന്നു.

ബജറ്റില്‍ ഗവര്‍ണര്‍ക്ക് വകയിരുത്തിയിരുന്ന 12.52 കോടി രൂപ തീര്‍ന്നതോടെ അധികമായി 59 ലക്ഷം രൂപ അനുവദിച്ചിരിക്കുകയാണ് ധനവകുപ്പ്.

നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്ന സമയത്തുതന്നെയായിരുന്നു പണം കൂടുതലായി അനുവദിച്ചതും.

യാത്രപ്പടിക്ക് 15 ലക്ഷം, ഇന്ധനത്തിന് 6 ലക്ഷം, മറ്റ് ചെലവുകള്‍ക്ക് 35 ലക്ഷം, ചികില്‍സ ചെലവിനായി 3 ലക്ഷവും ആണ് അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്.

പണം ആവശ്യപ്പെട്ട് ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഒക്ടോബര്‍ 4 ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. പണം അനുവദിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം വന്നതിന് പിന്നാലെ ഒക്ടോബര്‍ 28 ന് പണം അനുവദിച്ച് ധനവകുപ്പ് ഉത്തരവും ഇറങ്ങി.

ഇന്ധനത്തിന് 6.85 ലക്ഷവും മറ്റ് ചെലവുകള്‍ക്ക് 70 ലക്ഷവും യാത്ര ബത്തക്ക് 10 ലക്ഷവും ചികില്‍സ ചെലവിന് 1.75 ലക്ഷവും ആണ് 2023 – 24 ലെ ബജറ്റില്‍ രാജ്ഭവനായി വകയിരുത്തിയിരുന്നത്. 12.52 കോടി രൂപയാണ് ഗവര്‍ണര്‍ക്കും പരിവാരങ്ങള്‍ക്കും ആയി ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

ബജറ്റ് ശീര്‍ഷകങ്ങളിലെ തുക തീരുന്ന മുറക്ക് പണം ആവശ്യപ്പെടുന്നത് രാജ്ഭവന്റെ പതിവാണ്. ഗവര്‍ണര്‍ ചോദിച്ചാല്‍ പിണറായി ഉടന്‍ പണം അനുവദിക്കും. സാമ്പത്തിക പ്രതിസന്ധിയൊന്നും ഗവര്‍ണര്‍ക്ക് ബാധകമല്ല.

ഗവര്‍ണര്‍ക്ക് പണം വാരികോരി നല്‍കിയിട്ടും ബില്ലുകള്‍ എല്ലാം ഗവര്‍ണര്‍ ഒപ്പിട്ട് കൊടുക്കാത്തതില്‍ മുഖ്യമന്ത്രി ഖിന്നനാണ്. ബില്ലുകള്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുയാണ് പിണറായി. അതിനിടയിലാണ് 59 ലക്ഷം രാജ്ഭവന് നല്‍കിയതും.

സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ആകുമ്പോള്‍ വിഷയം മാറ്റാന്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ കലഹിക്കുന്നത് പതിവാണെന്ന് മുന്‍ ഉദാഹരണങ്ങള്‍ ചൂണ്ടികാട്ടി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു.

ഇരുവരും തമ്മില്‍ സമ്മാനങ്ങള്‍ കൈമാറുന്ന കാര്യവും സതീശന്‍ മാധ്യമങ്ങളോട് ചൂണ്ടികാട്ടിയിരുന്നു. സതീശന്റെ വാദങ്ങള്‍ക്ക് ബലം പകരുന്നതാണ് സാമ്പത്തിക പ്രതിസന്ധി കാലത്ത് രാജ്ഭവന് 59 ലക്ഷം അധിക ഫണ്ട് അനുവദിച്ച പിണറായിയുടെ നടപടി.