മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സംഭവം വിവാദമായതിനെത്തുടര്‍ന്ന് മാപ്പ് പറഞ്ഞ് സുരേഷ് ഗോപി. താന്‍ ദുരുദ്ദേശത്തോടെയല്ല മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സ്പര്‍ശിച്ചതെന്നും തനിക്ക് അവരോട് പിതൃസ്നേഹം മാത്രമേ ഉള്ളൂവെന്നും സുരേഷ് ഗോപി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെ മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ചിട്ടുമുണ്ട് സുരേഷ് ഗോപി.

സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ്

മാധ്യമങ്ങളുടെ മുന്നിൽ വെച്ച് വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്. ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാൽ ആ കുട്ടിക്ക്‌ അതിനെക്കുറിച്ച് എന്ത് തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം.. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. സോറി ഷിദ…

ഞാൻ ദുരുദ്ദേശത്തോടെ അല്ല മാധ്യമപ്രവർത്തകയുടെ തോളിൽ സ്പർശിച്ചത്. എനിക്ക് എന്നും അവരോട് പിതൃസ്നേഹം മാത്രമേ ഉള്ളൂ. അതിൽ ഒരു തരത്തിലും ഉള്ള ദുരുദ്ദേശം ഇല്ല. അവർ അടക്കം രണ്ട് മൂന്ന് പേർ എനിക്ക് നടന്ന് പോകാൻ ഉള്ള വഴി തടസ്സപ്പെടുത്തി ആണ് നിന്നത്.

അതിന് അവരോട് ഒരു തരത്തിലും മോശമായി ഞാൻ സംസാരിക്കുകയോ വഴിയിൽ നിന്ന് മാറാൻ പറയുകയോ ചെയ്തിട്ടില്ല. രണ്ട് തവണ തോളിൽ കൈ വച്ചപ്പോഴും അവർ കൈ തട്ടി മാറ്റി എന്നത് ശരിയാണ്. പക്ഷേ അവരുടെ മുഖത്ത് അപ്പോഴും ദേഷ്യം ഉണ്ടായിരുന്നില്ല. അവരെ തള്ളി മാറ്റുകയോ അടിക്കുകയോ ഒന്നും ഞാൻ ചെയ്തില്ലല്ലോ. അതല്ലേ തൊഴിലിടത്തിലെ ഭയപ്പെടുത്തല്‍? മാധ്യമപ്രവർത്തകയോട് മാപ്പ് പറയാൻ തയ്യാറാണ്. അവരോട് മാധ്യമങ്ങൾക്ക് മുന്നിൽ വന്നു നിന്ന് മാപ്പ് പറയാൻ തയ്യാറാണ്. അതിലും വലിയ മാപ്പ് പറച്ചിൽ ഉണ്ടോ? അവർ നിയമനടപടി സ്വീകരിച്ചാൽ അതിനെ നേരിടുമെന്നും സ്വകാര്യ ചാനലിനോട് സുരേഷ് ​ഗോപി പറഞ്ഞു.