തിരുവനന്തപുരം: സോളാര്‍ പീഡനകേസിലെ പരാതിക്കാരിയുടെ മൊഴി തിരുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് തിരിച്ചടി. കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസിലെ നടപടിക്രമങ്ങളുമായി മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി പറഞ്ഞു. സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴിയില്‍ പേര് കൂട്ടിച്ചേര്‍ക്കാന്‍ ഗണേഷ് കുമാര്‍ ഗൂഢാലോചന നടത്തിയെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പരാതി.’ആക്ഷേപം തുടര്‍ന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ ആത്മാവ് ക്ഷമിക്കില്ല. കേസ് തുടരേണ്ടത് ഉമ്മന്‍ചാണ്ടിക്ക് വേണ്ടി മാത്രമല്ല നഷ്ടപ്പെട്ട കുടുംബത്തിന് കൂടി വേണ്ടിയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. ആക്ഷേപം തെറ്റെങ്കില്‍ ഗണേഷിന് നിയമനടപടി സ്വീകരിക്കാം. ഗണേഷിന് സത്യസന്ധത തെളിയിക്കാൻ കേസ് തുടരണം’ ഹൈക്കോടതി പറഞ്ഞു.

സോളാർ കേസിൽ ഉമ്മൻചാണ്ടിക്ക് എതിരെയുള്ള ഗൂഢാലോചനയുടെ മുഖ്യ ആസൂത്രകൻ ഗണേഷ് കുമാറാണെന്ന ആരോപണം യുഡിഎഫ് കടുപ്പിച്ചിരുന്നു. ഗണേഷ് കുമാറിനെതിരെ പ്രത്യക്ഷ സമരവുമായി യുഡിഎഫ് രംഗത്ത് വന്നിരുന്നു. സെപ്റ്റംബർ 18ന് ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഗണേഷ് കുമാർ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭാ പുനഃസംഘടനയിൽ ഗണേഷ് കുമാർ മന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ് യുഡിഎഫ് ഗണേഷ് കുമാറിനെതിരായ നിലപാട് കടുപ്പിക്കുന്നത്.