വാവ സുരേഷിന് പാമ്പ് പിടിക്കാൻ ലൈസൻസ് നൽകാൻ വനംവകുപ്പ് തീരുമാനിച്ച നടപടിയിൽ വിവാദം. രാജവെമ്പാല അടക്കം ആയിരക്കണക്കിന് പാമ്പുകളെ പിടിച്ച സുരേഷിന് ഇതുവരെ ലൈസൻസ് നൽകിയിരുന്നില്ല.

പാമ്പുപിടിക്കാനുള്ള ലൈസൻസ് ലഭിക്കാൻ നിയമസഭ പെറ്റിഷൻ കമ്മിറ്റിക്ക് വാവ സുരേഷ് നൽകിയ പരാതിയിൽ ഹീയറിംഗ് നടത്താൻ കൂടിയ യോഗത്തിലാണ് തീരുമാനം ആയത്.

കമ്മിറ്റി ചെയർമാൻ കെ ബി ഗണേഷ് കുമാർ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ആണ് യോഗം ചേർന്നത്. വനംവകുപ്പിന്റെ നിയമങ്ങൾ അം​ഗീകരിച്ച് പാമ്പുകളെ സുരക്ഷിതമായി പിടികൂടാൻ സന്നദ്ധനാണെന്ന് സുരേഷ് അറിച്ചതോടെയാണ് ലൈസൻസിനായി വനംവകുപ്പിന് അപേക്ഷ നൽകാൻ പെറ്റിഷൻ കമ്മിറ്റി നിർദ്ദേശിച്ചത്.

ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി ജയപ്രസാദ് അപേക്ഷ അം​ഗീകരിക്കുകയും ചെയ്തു. പാമ്പുകളെ പിടികൂടാനുള്ള ലൈസൻസ് വനംവകുപ്പ് ആസ്ഥാനത്ത് നിന്ന് ഉടൻ കൈമാറും. പാമ്പ് പിടിക്കുന്നതിലും അവയെ കൈകാര്യം ചെയ്യുന്നതിലും വാവ സുരേഷിനുള്ള വർഷങ്ങൾ നീണ്ട് വൈദ​ഗ്ദ​ധ്യം പരി​ഗണിച്ചാണ് തീരുമാനം. എന്നാൽ അശാസ്ത്രീയമായ രീതിയിലാണ് വാവ സുരേഷ് പാമ്പുകളെ പിടിക്കുന്നതെന്ന വിമർശനവും ശക്തമായി കൊണ്ടിരിക്കുകയാണ്. മാത്രമല്ല പാമ്പ് പിടിത്ത സമയങ്ങളിൽ നിരവധി തവണ വാവ സപരേഷിന് കടിയേൽക്കുകയും നില ​ഗുരുതരമാവുകയും ചെയ്തിട്ടുണ്ട്. അങ്ങനെയൊരാൾക്ക് സർക്കാർ തന്നെ പാമ്പ് പിടിത്തത്തിനുള്ള ലൈസൻസ് നൽകുന്നതും വിമർശനങ്ങൾക്കിടയാക്കുന്നുണ്ട്.

കഴിഞ്ഞ വർഷം കോട്ടയം കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടിക്കുന്നതിന് ഇടയിൽ സുരേഷിന് പാമ്പ് കടിയേറ്റിരുന്നു. എന്നാൽ, കടിച്ച പാമ്പിനെ പിടികൂടി കുപ്പിയിൽ അടച്ച ശേഷം ആണ് ആശുപത്രിയിലേക്ക് പോയത്. വിദഗ്ധ ചികിത്സ കിട്ടാനായി മന്ത്രി വി എൻ വാസവൻ എത്തിയാണ് സുരേഷിനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്. മാത്രമല്ല, 1972-ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരം വനംവകുപ്പ് തന്നെ രജിസ്ട്രർ ചെയ്ത 3 കേസുകളിൽ പ്രതിയാണ് വാവ സുരേഷ്. പുനലൂരിൽ വിഷപ്പാമ്പുകളെ അനധികൃതമായി കൈവശം വച്ചതിനും കടത്തിയതിനും രണ്ടു കേസുകളും, എക്സിബിഷനിൽ വിഷപാമ്പുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പൊതുജനങ്ങൾക്ക് കാണിച്ചു കൊടുക്കുന്ന പരിപാടിയിൽ അപകടകരമാം വിധം വിഷപാമ്പുകളെ ജനങ്ങളുടെ കൈൽ നൽകിയതിനും കേസുണ്ട്. ആളുകളുടെ ജീവൻ അപകടത്തിലാക്കിയത് ഉൾപ്പെടെ സെഷൻ 9 പ്രകാരം ശിക്ഷാർഹമാണ്.

സാധാരണ രീതിയിൽ വനംവകുപ്പിന്റെ വന്യജീവികളെ പിടിക്കുന്നതിനുള്ള ലൈസൻസിനായി അപേക്ഷിക്കുമ്പോൾ അപേകഷന്റെ പേരിൽ കേസുകളോ മറ്റോ ഉണ്ടോയെന്ന് അധികൃതർ പരിശേധിക്കാറുണ്ട്. എന്നാൽ വാവ സുരേഷിന്റെ കാര്യത്തിൽ അത്തരം അന്വേഷണങ്ങളൊന്നും ഉണ്ടായില്ലെന്നും വിമർശനങ്ങളുണ്ട്. 14 തവണ പാമ്പ് കടിയേറ്റ ഒരാൾക്കാണ് പാമ്പിനെ പിടിക്കാനുള്ള ലൈസൻസ് നൽകുന്നത് എന്നതാണ് വിരോധാഭാസം.