തിരുവനന്തപുരം: ജോസ് കെ. മാണിയെ കോട്ടയം ലോക്‌സഭ സീറ്റില്‍ മല്‍സരിപ്പിക്കാനുള്ള പിണറായിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി. കോട്ടയം ലോക്‌സഭ സീറ്റില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

കോട്ടയത്ത് ജോസ് കെ മാണിയെ മല്‍സരിപ്പിച്ച് ഇപ്പോഴുള്ള രാജ്യസഭ സീറ്റ് ഏറ്റെടുക്കാനായിരുന്നു പിണറായി പദ്ധതിയിട്ടത്. 2024 മെയ് വരെയാണ് ജോസ് കെ മാണിയുടെ രാജ്യസഭാ കാലാവധി. നിലവിലെ കോട്ടയം എം.പി. തോമസ് ചാഴികാടന്‍ വീണ്ടും മല്‍സരിച്ചാല്‍ വിജയസാധ്യതയില്ലെന്ന റിപ്പോര്‍ട്ടാണ് പിണറായിക്ക് ലഭിച്ചത്. ലോക്‌സഭയില്‍ മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ രാജ്യസഭ സീറ്റ് വീണ്ടും ലഭിക്കണമെന്ന വ്യക്തമായ സന്ദേശമാണ് ജോസ് കെ മാണി പിണറായിക്ക് നല്‍കിയിരിക്കുന്നത്.

ഭരണ വിരുദ്ധ വികാരം അതിശക്തമാണെന്ന് മാണി പുത്രന് നന്നായറിയാം. ഇന്ത്യാ മുന്നണിയും ബി.ജെ.പിയും തമ്മില്‍ നേരിട്ട് മല്‍സരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ട് പോലും ലഭിക്കില്ലെന്ന് വ്യക്തമായി അറിയാവുന്ന രാഷ്ട്രിയക്കാരനാണ് ജോസ് കെ മാണി.

ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസ് ഇന്ത്യാ മുന്നണിയുടെ ഭാഗമാണെങ്കിലും സിപിഎം ഇന്ത്യാ മുന്നണിയില്‍ ഇല്ല. കേരളത്തിലെ സിപിഎമ്മിന്റെ എതിര്‍പ്പ് പരിഗണിച്ചാണ് ഇന്ത്യാ മുന്നണിയുടെ ഭാഗമാകേണ്ടന്ന് ദേശീയ അധ്യക്ഷന്‍ സീതാറാം യെച്ചൂരി തീരുമാനിച്ചത്.

ദേശീയ രാഷ്ട്രീയത്തില്‍ സിപിഎമ്മിന്റെ മറ്റൊരു മണ്ടന്‍ തീരുമാനമായി ഇത് ഭാവിയില്‍ അറിയപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഇന്ത്യാ മുന്നണിയും ബി.ജെ.പിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ കേരളത്തില്‍ 20 സീറ്റും യു.ഡി.എഫ്. ജയിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയാണ്.

സാമ്പത്തിക പ്രതിസന്ധിയും ധൂര്‍ത്തും അഴിമതിയും അതിശക്തമായ ഭരണ വിരുദ്ധ വികാരവും എല്‍.ഡി.എഫിന് തിരിച്ചടിയാണ്. മത സാമൂദായിക ശക്തികള്‍ പറയുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി ഇത് മറികടക്കാമെന്നാണ് പിണറായിയുടെ പദ്ധതി. അതുകൊണ്ട് തന്നെ തൃക്കാക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഡോ. ജോ ജോസഫ് എത്തിയതു പോലെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍ സി.പി.എമ്മിനായി മല്‍സരിക്കാനിറങ്ങും.

കെ.വി. തോമസിനെ പോലെ രാഷ്ട്രീയം പയറ്റി തെളിഞ്ഞവരും ഇത്തവണ മല്‍സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അധികാരത്തിന്റെ അപ്പകഷണം കണ്ടാല്‍ ആദ്യം ചാടി പിടിക്കുന്നവനാണ് കെ.വി തോമസ് . പരാജയം മുന്‍കൂട്ടി കണ്ടാണ് കെ.വി. തോമസും ജോസ് കെ മാണിയും ലോക്‌സഭയില്‍ മല്‍സരിക്കേണ്ട എന്ന് തീരുമാനിച്ചതെന്ന് വ്യക്തം.