തിരുവനന്തപുരം: ന്യൂഡല്‍ഹിയിലെ കേരള ഹൗസിന്റെ നിയന്ത്രണം സഖാക്കളെ ഏല്‍പ്പിക്കാന്‍ വഴിതേടി സര്‍ക്കാര്‍. കണ്‍ട്രോളര്‍, ഫ്രണ്ട് ഓഫീസ് മാനേജര്‍, ഹൗസ് കീപ്പിങ് മാനേജര്‍, കാറ്ററിങ് മാനേജര്‍ എന്നീ തസ്തികകളുടെ നിയമന രീതിയിലാണ് മാറ്റം വരുത്തുന്നത്. ഇതിനുവേണ്ട ശുപാര്‍ശ തേടി മുഖ്യമന്ത്രിയുടെ വകുപ്പ് കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി കഴിഞ്ഞു. ഈമാസം 19നാണഅ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ കത്തയച്ചത്. അടിയന്തരമായി പരിഗണിക്കമെന്ന നിര്‍ദ്ദേശത്തോടെയാണ് കത്ത്.

മൂന്ന് തസ്തികകളിലേക്ക് കേരള ഹൗസ് ജീവനക്കാരെ തന്നെ പ്രമോഷന്‍ നല്‍കി നിയമിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. കണ്‍ട്രോളര്‍ സ്ഥാനത്തേക്ക് സിപിഎം സഹയാത്രികനായ കെ.എം. പ്രകാശനെ നിയമിക്കനുള്ള നീക്കമാണ് നടക്കുന്നത്. ബിരുദധാരിയായ ഇദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് സിപിഎം ഭരണകാലത്താണ് കേരള ഹൗസില്‍ നിയമിതനായത്. ഇടത് ഭരണം വരുമ്പോള്‍ കൃത്യമായി പ്രമോഷന്‍ ലഭിച്ച് നിലവില്‍ ഫ്രണ്ട് ഓഫീസര്‍ മാനേജരാണ് പ്രകാശന്‍. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ ക്ലോസ് ഫ്രണ്ടാണ് ഇതിലൊരു മാനേജര്‍. സിപിഎം നേതാക്കളുടെ പെട്ടിയെടുപ്പുകാരനാണെന്ന ആക്ഷേപവും നിലവിലുണ്ട്. ഇദ്ദേഹത്തെ കണ്‍ട്രോളാറാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ചരട് വലിക്കുന്നത്.

ഫ്രണ്ട് ഓഫീസ് മാനേജര്‍ക്ക് പ്രമോഷന്‍ നല്‍കി കേരള ഹൗസ് കണ്‍ട്രോളറാക്കാനുള്ള വഴികളാണ് സര്‍ക്കാര്‍ തേടുന്നത്. മാനേജര്‍ തസ്തികകള്‍ ഗസ്റ്റഡ് റാങ്കിലേക്ക് ഉയര്‍ത്താനുള്ള നീക്കമാണ് നടത്തുന്നത്.

ഏറ്റവും കൂടുതൽ പിൻവാതിൽ നിയമനം നടന്ന സ്ഥലങ്ങളിൽ ഒന്നാണ് കേരള ഹൗസ്. പരീക്ഷ എഴുതി ജോലിക്ക് കയറിയവർ വിരലിൽ എണ്ണാവുന്നവർ മാത്രം. നേതാക്കളുടെ പെട്ടി താങ്ങി ജോലി തരപ്പെടുത്തിയവരാണ് ഭൂരിഭാഗവും.

ഇപ്പോള്‍, സര്‍ക്കാരിന്റെ ഡെപ്യൂട്ടി സെക്രട്ടറി റാങ്കും അതിനുമുകളിലുമുള്ള ഉദ്യോഗസ്ഥരെയാണ് കേരള ഹൗസില്‍ കണ്‍ട്രോളറായി നിയമിക്കുന്നത്. ഇതുകൂടാതെ ഫ്രണ്ട് ഓഫീസ് മാനേജര്‍, ഹൗസ് കീപ്പിങ് മാനേജര്‍, കാറ്ററിങ് മാനേജര്‍ എന്നീ തസ്തികകളില്‍ നിന്ന് പ്രമോഷന്‍ നല്‍കി കണ്‍ട്രോളര്‍ ആക്കാമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പരിഗണിക്കാം.

ന്യൂഡല്‍ഹിയില്‍ സംസ്ഥാനത്തിന്റെ ആസ്ഥാനമായാണ് കേരള ഹൗസ് പ്രവര്‍ത്തിച്ചുവരുന്നത്. കേരളത്തില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് താമസിക്കുന്നതിനും കേന്ദ്രസര്‍ക്കാരുമായുള്ള ഇടപാടുകള്‍ ക്രോഡീകരിക്കുന്നതിനും കേരള ഹൗസിനെയാണ് ആശ്രയിക്കുന്നത്. ഇത്രയും തന്ത്രപ്രധാനമായ സ്ഥാപനത്തിലേക്ക് സര്‍ക്കാരിന്റെ ക്ലാസ് വണ്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമേ കേരള ഹൗസിലെ ഉദ്യോഗസ്ഥരെയും പരിഗണിക്കാമെന്നാണ് സര്‍ക്കാരിന്റെ വാദം. ഇങ്ങനെ തസ്തികകളിലേക്കുള്ള നിയമന യോഗ്യത വെട്ടിക്കുറയ്ക്കുന്നതിന് പിന്നില്‍ സിപിഎമ്മിന്റെ അടുപ്പക്കാരായ കേരള ഹൗസ് ജീവനക്കാരെ നിയമിക്കാനുള്ള നീക്കമെന്നുള്ള ആക്ഷേപമാണ് ഉയരുന്നത്.