തിരുവനന്തപുരം: സംസ്ഥാനത്ത് പബ്ലിക് സര്‍വീസ് കമീഷന്‍ ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും പെന്‍ഷനും വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിരിക്കുകയാണ്. ചെയര്‍മാന് നാല് ലക്ഷം രൂപയും അംഗങ്ങള്‍ക്ക് 3.75 ലക്ഷം രൂപയും ശമ്പളമായി നിശ്ചയിക്കാനാണ് നീക്കം. ചെയര്‍മാന്റെ പെന്‍ഷന്‍ 2.50 ലക്ഷം രൂപയായും അംഗങ്ങളുടേത് 2.25 ലക്ഷമാക്കിയും ഉയര്‍ത്തും.

എന്നാല്‍, പി.എസ്.സി അംഗങ്ങളുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതു മൂലം സര്‍ക്കാരിന് ഒരു വര്‍ഷം ഉണ്ടാകുന്നത് 36 കോടിയുടെ അധിക ബാധ്യതയാണ്. 1.25 ലക്ഷമാണ് നിലവിലെ പെന്‍ഷന്‍. ക്ഷാമ ആശ്വാസം കൂടിയാകുമ്പോള്‍ 1.50 ലക്ഷം രൂപ ഓരോ പി.എസ്.സി അംഗത്തിനും പെന്‍ഷന്‍ കിട്ടും. 200 പേരാണ് നിലവില്‍ പി.എസ്.സി അംഗത്വത്തിന്റെ പേരില്‍ പെന്‍ഷന്‍ വാങ്ങുന്നത്. ഒരു മാസം പെന്‍ഷന്‍ കൊടുക്കാന്‍ വേണ്ടത് 3 കോടി രൂപയാണ്. അതായത്, ഒരു വര്‍ഷം 36 കോടി.

2.50 ലക്ഷം പെന്‍ഷന്‍ ആയി ഉയര്‍ത്താനാണ് തീരുമാനം. ക്ഷാമ ആശ്വാസം കൂടിയാകുമ്പോള്‍ പെന്‍ഷന്‍ തുക 3 ലക്ഷമായി ഉയരും. ഈ കണക്ക് പ്രകാരം ഒരു മാസം 6 കോടി രൂപയും ഒരു വര്‍ഷം 72 കോടിയും രൂപയും പി.എസ്.സി അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ വേണ്ടിവരും. ഇത് കൂടാതെ അംഗത്തിനും കുടുംബാംഗങ്ങള്‍ക്കും ഫ്രീ ചികില്‍സ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ഉണ്ട്. പി.എസ്.സി അംഗമാകാന്‍ വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ല. സര്‍ക്കാരിന് താല്‍പര്യമുള്ളവരെ പി.എസ്.സി അംഗമാക്കാം.

Read Also: പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം വര്‍ദ്ധിപ്പിക്കും; നാല് ലക്ഷം രൂപയാക്കും; ആവശ്യപ്പെട്ടത് നാലിരട്ടി വര്‍ദ്ധനവ്

ഓരോ ഘടക കക്ഷിക്കും പി.എസ്.സി അംഗത്തെ കിട്ടും. 21 അംഗങ്ങളാണ് പി.എസ്.സിയിലുള്ളത്. സുഖസൗകര്യങ്ങളും ലക്ഷങ്ങള്‍ ശമ്പളവും പെന്‍ഷനും ലഭിക്കുമെന്നതുകൊണ്ട് പി.എസ്.സി അംഗമാകാന്‍ ഇടിയാണ്. കൈക്കൂലി കൊടുത്ത് പി.എസ്.സി അംഗമായവരും ഉണ്ട് എന്ന് ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്‍സിപി നോമിനിയായി രമ്യ രാജേന്ദ്രനെ പി.എസ്.സി മെമ്പര്‍ ആക്കിയതിലാണ് കൈക്കൂലി ആരോപണം ഉയര്‍ന്നത്.

ബോര്‍ഡ് മെമ്പര്‍ പദവിയ്ക്കായി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയന് 60 ലക്ഷവും, സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയ്ക്ക് 55 ലക്ഷവും രമ്യ നല്‍കിയെന്നാണ് എന്‍.സി.പി മുന്‍ ദേശീയ സെക്രട്ടറി എന്‍.എ മുഹമ്മദ് കുട്ടിയുടെ ആരോപിച്ചത്. പി.സി ചാക്കോയുടെ അടുപ്പക്കാരനും, മന്ത്രി എ.കെ ശശീന്ദ്രന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയുമായ ബിജു ഏബല്‍ ജേക്കബിന്റെ ഫോണ്‍ സംഭാഷണം മുഹമ്മദ് കുട്ടി പുറത്ത് വിട്ടിരുന്നു.