രോഗികള്‍ അനുഭവിക്കും: മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിനും ഐസിയുവിനും ഫീസ് കുത്തനെ കൂട്ടി; മോര്‍ച്ചറിയും കിട്ടില്ല

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഐ.സി.യു, വെന്റിലേറ്റര്‍ ഫീസ് വര്‍ധിപ്പിച്ചു. ഐസിയുവിന് 500 രൂപയും വെന്റിലേറ്ററിന് 1000 രൂപയുമാണ് പുതുക്കിയ ഫീസ്. ബിപിഎല്‍ വിഭാഗക്കാര്‍ ഒഴികെയുള്ളവര്‍ ഫീസ് അടയ്ക്കണം.

വെന്റിലേറ്റര്‍ സൗജന്യം മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായിരിക്കും. മുന്‍ഗണന കാര്‍ഡുകളില്‍ പിങ്ക് കാര്‍ഡിനും ഇനി മുതല്‍ ഐസിയു, വെന്റിലേറ്റര്‍ ചാര്‍ജ് നല്‍കണം. സാധാരണ മുന്‍ഗണനാ കാര്‍ഡ് ഉടമകളെ ഇത്തരം ചാര്‍ജുകളില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു പതിവ്. ആശുപത്രി വികസന സമിതിയാണ് ഐസിയു, വെന്റിലേറ്റര്‍ ചാര്‍ജ് വീണ്ടും ഏര്‍പ്പെടുത്തിയത്.

ഇതിനെതിരെയും പ്രതിഷേധമുയരുന്നുണ്ട് . കോവിഡിന് മുന്‍പ് തുച്ഛമായ തുകയാണ് ഐസിയു, വെന്റിലേറ്റര്‍ ചാര്‍ജായി ഈടാക്കിയിരുന്നത്. ഐസിയുവിന് 50 രൂപ വെന്റിലേറ്ററിന് 100 രൂപ എന്നിങ്ങനെയായിരുന്നു കുറച്ച് കാലം മുന്‍പ് വരെയുള്ള ചാര്‍ജ്. കോവിഡ് കാലത്ത് ഈ ചാര്‍ജും ഒഴിവാക്കി.

നിലവില്‍ വീണ്ടും ഐസിയു, വെന്റിലേറ്റര്‍ ഉപയോഗത്തിനായി ചാര്‍ജ് കൊണ്ടുവന്നതിനു പിന്നാലെ തുകയും ഇരട്ടിയിലധികമാക്കി. ഐസിയുവിന് 500, വെന്റിലേറ്ററിന് 1000 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ചാര്‍ജ് പുനഃരാരംഭിച്ചതെന്നാണ് അധികൃതര്‍ പറയുന്നു. എന്നാല്‍ മുന്‍കാലങ്ങളിലേക്കാള്‍ ഇരട്ടിയിലധികം തുകയാണ് ഇപ്പോള്‍ ഈടാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

ഐസിയു, വെന്റിലേറ്റര്‍ ചാര്‍ജായി ഈടാക്കുന്ന തുക ആശുപത്രി വികസന സമിതി ( എച്ച്ഡിഎസ്) ഫണ്ടിലേക്കാണ് പോകുന്നത്. ഇത് ആശുപത്രിയുടെ വികസനത്തിനും രോഗികളുടെ ക്ഷേമത്തിനുമായാണ് ഉപയോഗിക്കുന്നത്. നിലവില്‍ എച്ച്ഡിഎസ് സര്‍ക്കാര്‍ അനുമതി ഉണ്ടെന്ന പേരില്‍ ജനങ്ങളെ കൊള്ളയടിക്കുന്നതാണ് പുതിയ തീരുമാനമെന്നു ആക്ഷേപം ഉയര്‍ന്ന് കഴിഞ്ഞു.

അതുപോലെ, മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ ഇനി മുതല്‍ സൂക്ഷിക്കുക പോസ്റ്റുമോര്‍ട്ടം നടത്താനുള്ള മൃതദേഹങ്ങള്‍ മാത്രമായിരിക്കും. നേരത്തെ 300 രൂപ വാടക നല്‍കി മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. ഇത് നിര്‍ത്തലാക്കി. മൃതദേഹം സൂക്ഷിക്കാന്‍ സ്ഥലമില്ലെന്ന കാരണത്തിലാണിത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൗകര്യം നിര്‍ത്തിയതോടെ ഉയര്‍ന്ന തുക മുടക്കി ഇതിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലായി നിര്‍ധനര്‍.

സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് പുതിയ തീരുമാനം നടപ്പിലാക്കിയതെന്നു ആക്ഷേപമുണ്ട്. സ്വകാര്യ മോര്‍ച്ചറി സൗകര്യം ഒരുക്കുന്നവര്‍ക്ക് നിലവിലെ തീരുമാനം ഗുണകരമാകും. ഉയര്‍ന്ന വിലയ്ക്ക് മൃതദേഹം സൂക്ഷിക്കാന്‍ ഫ്രീസറുകള്‍ വാടകയ്ക്ക് എടുക്കുകയോ, സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയോ ചെയ്യേണ്ടി വരും.

രാത്രി വൈകി മരിക്കുന്നവരെയും മറ്റും നേരത്തെ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. നിലവിലെ തീരുമാനപ്രകാരം അതിനും സാധിക്കാതെ വരും. കഴിഞ്ഞ ദിവസം ആശുപത്രിയിലെ ഐസിയു, വെന്റിലേറ്റര്‍ സംവിധാനങ്ങളുടെ നിരക്ക് വര്‍ധന നടപ്പിലാക്കിയതിനു പിന്നാലെയുള്ള പുതിയ തീരുമാനവും നിര്‍ധനര്‍ക്ക് ഇരുട്ടടിയാകും.

ഹോസ്പിറ്റല്‍ ഡവലപ്‌മെന്റ് സൊസൈറ്റിയാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞമാസം ചേര്‍ന്ന എച്ച്.ഡി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് തീരുമാനിച്ചത്. നിരക്ക് വര്‍ധിപ്പിച്ചതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് ഡോ.നിസാറുദ്ദീന്‍ വകുപ്പ് മേധാവികള്‍ക്ക് സര്‍ക്കുലര്‍ ആയച്ചു.

കൊവിഡിന് മുമ്പ് ഐസിയുവിന് 330 രൂപയും വെന്റിലേറ്ററിന് 660 രൂപയായിരുന്നു ഫീസ്. രോഗി വെന്റിലേറ്ററിലാണെങ്കില്‍ 1500 രൂപ അടയ്ക്കണം. ഐസിയുവില്‍ മാത്രമാണെങ്കില്‍ 500 രൂപ അടക്കണം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments