തിരുവനന്തപുരം സംസ്‌കൃത കോളേജില്‍ സിപിഎം നേതാവിന്റെ മകനെ തല്ലിച്ചതച്ച എസ്.എഫ്.ഐ നേതാക്കള്‍ പിടിയില്‍. കോളേജില്‍ നടന്ന ഓണാഘോഷത്തിനിടെ ചാക്കില്‍ കയറി ഓട്ടമത്സരത്തില്‍ പങ്കെടുക്കാത്തതിനാണ് നേതാവിന്റെ മകനെ അടിച്ച് ആശുപത്രിയിലാക്കിയത്.

പി.എസ്.സി മാര്‍ക്ക് തട്ടിപ്പുകേസിലും യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയ കുത്തി കൊല്ലാന്‍ ശ്രമിച്ച കേസിലും പ്രതിയായ എസ്.എഫ്.ഐ നേതാവ് നസീം ഉള്‍പ്പെടെ മൂന്നുപേരാണ് കന്റോണ്‍മെന്റ് പോലീസിന്റെ പിടിയിലായത്.

സംസ്‌കൃത കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും സിപിഎം നേതാവ് പൈരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡന്റായ എസ്.ബിന്ദുവിന്റെ മകനുമായ ആദര്‍ശിനെയാണ് എസ്.എഫ്.ഐ നേതാക്കള്‍ തല്ലിച്ചതച്ചത്.

എസ്.എഫ്.ഐ യൂണിറ്റ് മുന്‍ ഭാരവാഹികളും കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളുമായ നെല്ലിമൂട് സ്വദേശി ജിത്തു, അമ്പലമുക്ക് സ്വദേശി നസീം,കരമന സ്വദേശി സച്ചിന്‍ എന്നിവരാണ് പിടിയിലായത്.
കണ്ടാലറിയാവുന്ന ഏഴുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളേജില്‍ മുമ്പ് നടന്ന കത്തിക്കുത്ത് കേസിലെ 12-ാം പ്രതിയാണ് നസീം.

ഇക്കഴിഞ്ഞ 24ന് നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായ ആദര്‍ശിന് മര്‍ദ്ദനമേറ്റത്.