തിരുവനന്തപുരം: സെക്രട്ടറിയറ്റില്‍ ഉദ്യോഗസ്ഥന്‍ മദ്യപിച്ച് ലക്കുകെട്ട് കിടന്നുറങ്ങി. രാത്രിയില്‍ വിളിച്ചുണര്‍ത്തി വീട്ടില്‍ പറഞ്ഞുവിടാന്‍ ശ്രമിച്ച സുരക്ഷ ഉദ്യോഗസ്ഥുനേരെ വാക്കേറ്റവും കൈയാങ്കളിയും. തുടര്‍ന്ന് കന്റോണ്‍മെന്റ് പോലീസ് സ്ഥലത്തെത്തി കേസെടുത്തു.
സെക്രട്ടേറിയേറ്റില്‍ ഉദ്യോഗസ്ഥന്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പോലീസ് കേസെടുത്തു. സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥനായ അനില്‍കുമാറാണ് പ്രതി. ഈ മാസം 2 ന് ആയിരുന്നു സംഭവം. മന്ത്രി ശിവന്‍കുട്ടിയുടെ തൊഴില്‍ വകുപ്പിലായിരുന്നു അനില്‍കുമാറിന്റെ മദ്യപാനം. സൗത്ത് ബ്ലോക്കിലാണ് തൊഴില്‍ വകുപ്പ്.
രാത്രി 8.30 ന് ഓഫിസ് അടയ്ക്കാന്‍ വന്ന സുരക്ഷ ഉദ്യോഗസ്ഥന്‍ മദ്യപിച്ച് തൊഴില്‍ വകുപ്പില്‍ കിടന്നുറങ്ങിയ ഉദ്യോഗസ്ഥനെ കണ്ടു. ഉദ്യോഗസ്ഥനെ വിളിച്ചുണര്‍ത്തി വീട്ടില്‍ പോകാന്‍ സുരക്ഷ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത് ഇഷ്ടപ്പെടാത്ത ഉദ്യോഗസ്ഥന്‍ സുരക്ഷ ഉദ്യോഗസ്ഥനെ ചീത്ത വിളിക്കുകയും അക്രമിക്കുകയും ചെയ്തു.
പരസ്പരം പിടിവലിയില്‍ സുരക്ഷ ഉദ്യോഗസ്ഥന് പരിക്ക് പറ്റി. ബഹളം കേട്ട് മറ്റ് സുരക്ഷ ഉദ്യോഗസ്ഥരും എത്തി. സുരക്ഷ ഉദ്യോഗസ്ഥര്‍ കന്റോണ്‍മെന്റ് പോലീസില്‍ ഉടന്‍ വിവരം അറിയിച്ചു. പോലീസ് എത്തി ഉദ്യോഗസ്ഥനെ മടക്കി. മൂന്നിന് ഇയാള്‍ക്കെതിരെ കേസെടുത്തു. എഫ്.ഐ.ആറും ഇട്ടു. അതീവ സുരക്ഷ മേഖലയായ സെക്രട്ടേറിയേറ്റ് വളപ്പില്‍ ഉദ്യോഗസ്ഥന്റെ മദ്യപാനം സര്‍ക്കാരിന് ക്ഷീണമായി മാറിയിരിക്കുകയാണ്.
ഇടതു സംഘടന ബന്ധമുള്ള ഉദ്യോഗസ്ഥനെ കേസില്‍ നിന്നും രക്ഷിക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥനെ ഇതുവരെ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. ഗേറ്റില്‍ സുരക്ഷ കര്‍ക്കശമാക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. ഇപ്പോള്‍ തന്നെ ഗേറ്റിലെ ചെക്കിംഗ് കഴിഞ്ഞ് അകത്ത് കടക്കാന്‍ ജീവനക്കാര്‍ ബുദ്ധിമുട്ടിലാണ്. കുപ്പി ഉണ്ടോ എന്നറിയാന്‍ ബാഗും ചെക്ക് ചെയ്യേണ്ടി വരുമോ എന്ന ആശങ്കയിലാണ് ജീവനക്കാര്‍.