തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ ലിഫ്റ്റ് നിര്‍മാണം പൂര്‍ത്തിയായി. ക്ലിഫ് ഹൗസിലെ രണ്ടാം നിലയിലേക്കുള്ള മുഖ്യമന്ത്രിയുടെ സഞ്ചാരം ലിഫ്റ്റ് വഴിയായിരിക്കും.

25.50 ലക്ഷം രൂപയ്ക്കാണ് ലിഫ്റ്റ് നിര്‍മ്മിച്ചത്. രണ്ട് നിലകളുള്ള ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത് വിവാദമായിരുന്നു. 2022 ഡിസംബര്‍ 1 നായിരുന്നു പൊതുമരാമത്ത് വകുപ്പ് ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മ്മിക്കാന്‍ ഉത്തരവിറക്കിയത്.

സാമ്പത്തിക പ്രതിസന്ധിക്കിടയിലെ ലിഫ്റ്റ് നിര്‍മ്മാണം കേരളത്തില്‍ വന്‍ ചര്‍ച്ചയായി മാറി. 9 ലക്ഷം പേര്‍ ലൈഫ് മിഷന്‍ വഴി വീടിന് കാത്തിരിക്കുമ്പോഴാണ് ക്ലിഫ് ഹൗസിലെ ലിഫ്റ്റ് നിര്‍മ്മാണത്തിന് 25.50 ലക്ഷം അനുവദിച്ചത്.

ലൈഫ് മിഷന്‍ വഴി ഒരു വീട് നിര്‍മ്മിക്കാന്‍ നല്‍കുന്നത് 4 ലക്ഷം രൂപയാണ്. 6 ലൈഫ് മിഷന്‍ വീട് നിര്‍മ്മിക്കാനുള്ള തുകയാണ് മുഖ്യമന്ത്രിയുടെ ലിഫ്റ്റ് നിര്‍മ്മാണത്തിന് വേണ്ടി ചെലവഴിച്ചത്. 42.50 ലക്ഷം രൂപക്ക് ക്ലിഫ് ഹൗസില്‍ കാലി തൊഴുത്ത് നിര്‍മ്മിച്ചതിന് പിന്നാലെയായിരുന്നു ലിഫ്റ്റ് നിര്‍മ്മാണം.

ക്ലിഫ് ഹൗസിലെ നീന്തല്‍കുളത്തിന് വേണ്ടി 45 ലക്ഷം രൂപയാണ് ചെലവഴിച്ചത്. 2021 ജൂണില്‍ 1 കോടി മുടക്കി ക്ലിഫ് ഹൗസിലെ സ്റ്റാഫുകളുടെ മുറികള്‍ നവീകരിച്ചിരുന്നു. നീന്തല്‍കുളത്തിന്റെ നവീകരണം പോലെ സ്റ്റാഫുകളുടെ മുറി നവീകരണവും ഊരാലുങ്കലിനായിരുന്നു. സുരക്ഷ യുടെ പേരില്‍ ക്ലിഫ് ഹൗസിലെ മതിലിന് ഉയരം കൂട്ടാന്‍ ചെലവഴിച്ചതും ലക്ഷങ്ങള്‍ ആയിരുന്നു.