പിണറായിക്ക് പറന്നിറങ്ങാന്‍ ഹെലികോപ്റ്റര്‍; 80 ലക്ഷം രൂപയുടെ കരാര്‍

തിരുവനന്തപുരം: ഇനി മുഖ്യമന്ത്രി പിണറായി വിജയന്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങും. ഓണച്ചെലവുകള്‍ക്കുപോലും കടമെടുക്കേണ്ടി വന്ന സര്‍ക്കാരിന്റെ തലവന് സഞ്ചരിക്കാനാണ് ഹെലികോപ്റ്റര്‍.

മാസം 80 ലക്ഷം രൂപയ്ക്ക് സ്വകാര്യ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാന്‍ മന്ത്രിസഭയുടെ അംഗീകാരം. സെപ്റ്റംബര്‍ ആദ്യ ദിവസങ്ങളില്‍ തന്നെ മുഖ്യമന്ത്രിക്കുവേണ്ടിയുള്ള ഹെലികോപ്റ്റര്‍ തിരുവനന്തപുരത്തെത്തും.

ഇതിന് മുമ്പ് 2020 ല്‍ കോവിഡ് കാലത്തായിരുന്നു മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ സഞ്ചാരം. വന്‍ ധൂര്‍ത്തെന്ന കണക്കുകള്‍ പുറത്തുവന്നതോടെ ഒരു വര്‍ഷത്തിന് ശേഷം അതിന്റെ കരാര്‍ കഴിഞ്ഞപ്പോള്‍ പിന്നീട് പുതുക്കിയില്ല. പക്ഷെ രണ്ടര വര്‍ഷത്തിന് ശേഷം വീണ്ടും ഹെലികോപ്ടര്‍ തിരിച്ചെത്തുകയാണ്.

കഴിഞ്ഞ മാര്‍ച്ചിലെ മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് ഇപ്പോള്‍ ആഭ്യന്തരവകുപ്പ് അന്തിമ കരാറിലെത്തിയിരിക്കുന്നത്. ഡല്‍ഹി ആസ്ഥാനമായ ചിപ്‌സന്‍ ഏവിയേഷന്‍ എന്ന സ്വകാര്യ കമ്പനിയാണ് ഹെലികോപ്ടര്‍ നല്‍കുന്നത്.

മാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് വാടക. അതില്‍കൂടുതല്‍ പറന്നാല്‍ ഓരോ മണിക്കൂറിനും തൊണ്ണൂറായിരം രൂപ അധികം നല്‍കണം. പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ക്ക് യാത്ര ചെയ്യാം. മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ പ്രവര്‍ത്തനം തുടങ്ങിയ പൊലീസിന്റെ ആവശ്യത്തിനെന്നാണ് പറയാറെങ്കിലും മുഖ്യമന്ത്രിയുടെ യാത്രകള്‍ക്കായിരിക്കും പ്രധാനമായും കോപ്ടര്‍ ഉപയോഗിക്കുക. സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ തന്നെ ഹെലികോപ്ടര്‍ തിരുവനന്തപുരത്തെത്തിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments