കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എ സി മൊയ്തീന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. തിങ്കളാഴ്ച കൊച്ചി ഇഡി ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ നിര്‍ദ്ദേശം.

ഇന്ന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. പെട്ടെന്ന് ലഭിച്ച നോട്ടീസായതിനാല്‍ ഹാജരാകുന്നതിന് അസൗകര്യമുണ്ട് എന്ന് അറിയിച്ച് എസി മൊയ്തീന്‍ ചൊവ്വാഴ്ച്ച ഇഡിക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്.

അതേസമയം, മൊയ്തീന്‍ ഇ.ഡിക്ക് മുമ്പില്‍ ഇന്ന് ഹാജരാകേണ്ടെന്നാണ് പിണറായിയുടെ നിര്‍ദ്ദേശം. മൊയ്തീനെ ഇ.ഡി. അറസ്റ്റ് ചെയ്താല്‍ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി. എഫിന് വന്‍ തിരിച്ചടിയാകും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പിണറായിയുടെ നിര്‍ദ്ദേശം. അതേസമയം, തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സിപിഎം നേതാവിനെ ഇ.ഡിക്ക് മുന്നിലേക്ക് എത്തിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

അസൗകര്യം അറിയിച്ച് മൊയ്തിന്‍ കൊച്ചിയിലെ എന്‍ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ് ഓഫിസിലേക്ക് ഇ മെയില്‍ ചെയ്തിരുന്നു. കരവന്നൂര്‍ തട്ടിപ്പില്‍ മൊയ്തീന്റെ പങ്ക് തെളിയിക്കുന്ന നിര്‍ണായക രേഖകള്‍ ഇ.ഡിക്ക് ലഭിച്ചതോടെ അറസ്റ്റ് ഭീതിയിലാണ് മൊയ്തിനും

എല്‍.ഡി.എഫും.കേസുമായി ബന്ധപ്പെട്ട് ബിജു കരീം, പി.പി.കിരണ്‍, അനില്‍ സേഠ് എന്നിവരുടെ മൊഴി ഇ.ഡി രേഖപ്പെടുത്തി. ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ ചോദ്യം ചെയ്യല്‍ തുടരുകയാണ്. മൊയ്തീന്റെ നിര്‍ദ്ദേശപ്രകാരം ആണ് ബെനാമി ഇടപാടുകള്‍ നടന്നത് എന്ന സുദൃഢമായ തെളിവുകള്‍ ചോദ്യം ചെയ്യലില്‍ ഇ.ഡിക്ക് ലഭിച്ചു കഴിഞ്ഞു.

കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പത്തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും അന്വേഷിക്കുന്നതിന്റെ ഭാഗമായി ഇ.ഡി മൊയ്തീന്റെ വീട്ടില്‍ റെയ്ഡ് ചെയ്തിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടതും.