ശമ്പളം മുടങ്ങിയിട്ട് മൂന്ന് മാസം; ഓഫീസിന് മുന്നില്‍ ഉപവാസമിരുന്ന് പ്രതിഷേധം

കോഴിക്കോട്: പ്രമുഖ ഇസ്ലാമിക സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന മാധ്യമം ദിനപത്രത്തില്‍ ശമ്പളം മുടങ്ങിയിട്ട് മൂന്ന് മാസം. ശമ്പളം കിട്ടാതെ വന്നതോടെ തിരുവോണനാളില്‍ മാധ്യമത്തിന്റെ ഹെഡ് ഓഫീസിന് മുന്നില്‍ ജീവനക്കാരുടെ ഉപവാസ സമരം.

ജീവനക്കാര്‍ക്ക് ജൂണ്‍, ജുലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളം കിട്ടാനുണ്ട്. സ്ഥാപനത്തില്‍ ബോണസ് നിലച്ചിട്ട് വര്‍ഷങ്ങളായി. കോവിഡ് കാലത്ത് പിടിച്ച ശമ്പളബാക്കി ഓരോരുത്തര്‍ക്കും ശരാശരി ഒന്നര ലക്ഷംവരെ കിട്ടാനുമുണ്ട്. ഈ വിവരമെല്ലാം മാനേജ്‌മെന്റിനെ ധരിപ്പിച്ചുവെങ്കിലും അനുകൂലനടപടികളൊന്നും ഉണ്ടായില്ല. രണ്ടു മാസത്തെ ശമ്പളമെങ്കിലും ഓണത്തിനു മുന്‍പ് നല്‍കിയാല്‍ സമരം ഒഴിവാക്കാമെന്ന തൊഴിലാളികളുടെ നിര്‍ദ്ദേശവും മാനേജ്‌മെന്റ് ചെവിക്കൊണ്ടില്ല. ഇതോടെയാണ് ജീവനക്കാര്‍ തെരുവിലറങ്ങിയത്.

ശമ്പള വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് തിരുവോണ നാളില്‍ മാധ്യമം ഓഫീസിന് മുന്നില്‍ സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് അഭിവാദ്യം നേര്‍ന്ന് മുന്‍ മന്ത്രി ഡോ. കെ.ടി ജലീല്‍. ജമാഅത്തെ ഇസ്ലാമി സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ തുടങ്ങിയതാണ് മാധ്യമത്തിന് കഷ്ടകാലം തുടങ്ങാന്‍ കാരണമെന്നും ജലീല്‍ പറഞ്ഞു.

മൂന്ന് മാസമായി ശമ്പളം കിട്ടാതെ പട്ടിണിയിലായ ‘മാധ്യമം’ ജീവനക്കാര്‍ തിരുവോണ നാളില്‍ ഉപവാസ സമരത്തിലാണെന്ന വാര്‍ത്ത അത്യന്തം ഖേദകരമാണെന്നും ജലീല്‍ പറഞ്ഞു. വിയര്‍പ്പ് വറ്റുന്നതിന് മുമ്പ് തൊഴിലാളിക്ക് കൂലികൊടുക്കണമെന്ന് പഠിപ്പിച്ച പ്രവാചകന്റെ അനുയായികള്‍ക്ക് ഒരുനിലക്കും യോജിക്കാത്ത പ്രവൃത്തിയാണ് മാധ്യമം മാനേജ്മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്.

ഇത്തരമൊരു പ്രതിസന്ധി മാധ്യമത്തിന് ഉണ്ടായത് എങ്ങിനെയെന്ന് ബന്ധപ്പെട്ടവര്‍ ശാന്തമായി ആലോചിച്ചാല്‍ നന്നാകും.
മാധ്യമം പത്രം നിയന്ത്രിക്കുന്ന ജമാഅത്തെ ഇസ്ലാമി, സ്വന്തം രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചതോടെയാണ് ‘മാധ്യമ’ത്തിന്റെ ‘ശനികാലം’ തുടങ്ങിയത്. പുതിയ പാര്‍ട്ടിയുടെ രൂപീകരണത്തോടെ ജമാഅത്തെ നേതാക്കളില്‍ മൊട്ടിട്ട രാഷ്ട്രീയ മോഹങ്ങള്‍ സഫലമാക്കാന്‍ പ്രഖ്യാപിത നിക്ഷ്പക്ഷ നിലപാടില്‍ പത്രത്തിന് തരാതരംപോലെ വെള്ളവും വിഷവും ചേര്‍ക്കേണ്ടി വന്നു.

ഇടതുപക്ഷ മുന്നണിയില്‍ ചേക്കാറാന്‍ ഒരിക്കലുമാവില്ലെന്ന് തിരിച്ചറിഞ്ഞ വെല്‍ഫെയര്‍ പാര്‍ട്ടിക്ക്, യു.ഡി.എഫില്‍ ഒരു ബെര്‍ത്ത് വാങ്ങിക്കൊടുക്കാന്‍ എന്തൊക്കെ നെറികേടുകളാണോ ചെയ്യേണ്ടത് അതൊക്കെ ‘മാധ്യമം’ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ചെയ്തു. വ്യക്തിഹത്യയും ഊഹാപോഹ പ്രചരണങ്ങളും വലതുപക്ഷ പത്രങ്ങളെപ്പോലെ ‘മാധ്യമ’വും അതിന്റെ മുഖമുദ്രയാക്കി. നിലത്തിഴഞ്ഞിട്ടും പക്ഷെ യു.ഡി.എഫും കനിഞ്ഞില്ല.

സി.പി.എമ്മിനെ ദുര്‍ബലമാക്കി ഇടതുപക്ഷത്തെ ക്ഷയിപ്പിക്കാന്‍ ‘മാധ്യമം’ പയറ്റാത്ത അടവുകളില്ല. ഇത് ‘മാധ്യമ’ത്തിന്റെ വിശ്വാസ്യതയെ കുറച്ചൊന്നുമല്ല തകര്‍ത്തത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരെല്ലെങ്കിലും ഇടതുപക്ഷ മനസ്സുള്ള വായനക്കാരാണ് ‘മാധ്യമ’ത്തെ പാലും തേനുമൂട്ടി വളര്‍ര്‍ത്തിയിരുന്നത്. വലതുമുന്നണിയെ വെള്ളപൂശാനും ഇടതുപക്ഷത്തെ കടന്നാക്രമിക്കാനും ‘ദാവൂദാതികള്‍’ രാപ്പകല്‍ പണിയെടുത്ത് അസത്യങ്ങളും അര്‍ധസത്യങ്ങളും കൊണ്ട് പത്രത്തിന്റെ കോളങ്ങള്‍ നിറച്ചപ്പോള്‍ ‘മാധ്യമ’ത്തിന്റെ കാല്‍ചുവട്ടിലെ മണ്ണാണ് അക്ഷരാര്‍ത്ഥത്തില്‍ ഒലിച്ചു പോയത്.

കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ നിന്ന് എല്ലാ പത്രങ്ങളും കരകയറിയപ്പോള്‍ ‘മാധ്യമം’ മാത്രം കരകയറാതെ നിന്നതിന്റെ കാരണവും മറ്റൊന്നല്ല. വായനക്കാരില്‍ നല്ല പ്രചാരം നേടിയ ‘മാധ്യമം’ അഭ്യുദയകാംക്ഷികള്‍ക്കിടയില്‍ മൂക്കുകുത്തി വീണത് അങ്ങിനെയാണ്. വരിക്കാരുടെ എണ്ണത്തില്‍ ഇതുണ്ടാക്കിയ ഇടിച്ചില്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. ആനയായിരുന്ന ‘മാധ്യമം’ ചാവാലിക്കാളയായി മെലിയാന്‍ തുടങ്ങിയ കഥയുടെ രത്നച്ചുരുക്കമാണിത്.

ഇന്ന് ‘മാധ്യമം’ ഇറച്ചിവെട്ടുകാരന്റെ കടക്കുമുന്നില്‍ ദയാവധത്തിന് കാത്തുനില്‍ക്കുന്ന ദാരുണാവസ്ഥയിലാണ്. ഈ പത്ര സ്ഥാപനത്തെ ഇത്തരമൊരു പതനത്തില്‍ കൊണ്ടു ചെന്നെത്തിച്ചതില്‍ പുത്തന്‍കൂറ്റുകാരായ നവ ‘പ്രൊഫഷണല്‍’ മാനേജുമെന്റിന്റെ പങ്ക് അനിഷേധ്യമാണ്. അധികം വൈകാതെ ആരുടെയും കത്തും കമ്പിയുമില്ലാതെ തന്നെ ‘മാധ്യമം’ പൂട്ടേണ്ടി വന്നാലും ആരും അത്ഭുതപ്പെടേണ്ടതില്ല.

എന്നെ തെറിവിളിക്കാന്‍ കമന്റ് ബോക്സില്‍ വരുന്ന ‘വെല്‍ഫെയറുകാര്‍’ ദയവു ചെയ്ത് അവനവനെക്കൊണ്ട് കഴിയുന്ന സംഖ്യ ഓണ്‍ലൈനായി ‘സകാത്ത്’ പോര്‍ട്ടലുണ്ടാക്കി നല്‍കി മാധ്യമം ജീവനക്കാരുടെ മൂന്നുമാസത്തെ ശമ്പള കുടിശ്ശിക കൊടുത്തു തീര്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും – ജലീല്‍ പറഞ്ഞു.