KeralaNews

വയനാട്ടില്‍ മരണം 320; തിരിച്ചറിയാത്ത 74 മൃതദേഹങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും

ഉരുള്‍പൊട്ടലുണ്ടായ വയനാട്ടില്‍ മരണ സംഖ്യ 320 കടന്നു. സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചത് 199 മരണമാണ്. പല മൃതദേഹങ്ങളുടേയും ശരീരഭാഗങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്. ഔദ്യോഗികമായി സ്ഥിരീകരിച്ച 199 മരണങ്ങളില്‍ പുരുഷന്‍ -89, സ്ത്രീ -82, കുട്ടികള്‍ -28 എന്നിങ്ങനെയാണ് കണക്ക്. 133 മൃതദേഹങ്ങളാണ് ബന്ധുകള്‍ തിരിച്ചറിഞ്ഞത്. 181 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായിട്ടുണ്ട്. കണ്ടെത്തിയ 130 ശരീരഭാഗങ്ങളുടെ പോസ്റ്റുമോര്‍ട്ടം നടപടികളും പൂര്‍ത്തിയാക്കി.

തിരിച്ചറിയാത്ത 74 ഭൗതികശരീരങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എട്ടിടത്താണ് ഇതിനുള്ള സൌകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്.

മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *