NationalTechnology

സൂര്യനരികെ ഇന്ത്യ; ഇന്ത്യയുടെ അഭിമാന സൗരദൗത്യമായ ആദിത്യ എൽ 1 ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും

ഇന്ത്യയുടെ അഭിമാന സൗരദൗത്യമായ ആദിത്യ എൽ 1 ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. വൈകിട്ട് നാല് മണിയോടെ ലഗ്രാഞ്ച് പോയിന്റ് വണ്ണിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലെത്തും. ദൗത്യം വിജയകരമായാൽ ഐഎസ്ആർഒയ്ക്കും രാജ്യത്തിനും അത് അഭിമാന നേട്ടമായി മാറും. 126 ദിവസത്തെ യാത്രയ്ക്കൊടുവിൽ 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ആദിത്യ എൽ വൺ ലഗ്രാഞ്ച് പോയിന്റ് വണ്ണിലെത്തുന്നത്. ഭൂമിയുടേയും സൂര്യന്റെയും ആകർഷണങ്ങളിൽ പെടാതെ ലഗ്രാഞ്ച് പോയന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണ പഥത്തിലാണ് ആദിത്യ വലം വെക്കുക.

സെപ്തംബർ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് ആദിത്യ എൽ1 വിക്ഷേപിച്ചത്. പിഎസ്എൽവി സി 57 റോക്കറ്റിലായിരുന്നു വിക്ഷേപണം. സൂര്യൻറെ പ്രഭാമണ്ഡലത്തെ പറ്റിയും, കാന്തികമണ്ഡലത്തെ പറ്റിയും, സൂര്യസ്‌ഫോടനങ്ങളെ പറ്റിയും കൂടുതൽ വിവരങ്ങൾ ആദിത്യയിലൂടെ മനസിലാക്കാൻ പറ്റുമെന്നാണ് പ്രതീക്ഷ. സൗരാന്തരീക്ഷത്തിന്റെ ചലനാത്മകതയും ഘടനയും മനസിലാക്കൽ, സൗരവാത ഗതിവേഗവും താപനില വ്യതിയാനവും മനസിലാക്കൽ എന്നിവയും ആദിത്യയുടെ ലക്ഷ്യങ്ങളാണ്. ഇതിനായി ഏഴ് പേലോഡുകളാണ് ആദിത്യ എൽ 1-ലുള്ളത്. നാലെണ്ണം സൂര്യനിൽ നിന്നുള്ള പ്രകാശം നിരീക്ഷിക്കും. മറ്റ് മൂന്നെണ്ണം സൂര്യന്റെ പ്ലാസ്മ, കാന്തിക വലയം എന്നിവയെപ്പറ്റി പഠിക്കും.

ചന്ദ്രയാൻ മൂന്ന് പേടകം സഞ്ചരിച്ചതിന്റെ നാലിരട്ടി ദൂരത്ത് നിന്നാണ് ആദിത്യ പേടകം നിരീക്ഷിക്കുന്നത്. നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസിയുമാണ് ഇതുവരെ സൗരദൗത്യങ്ങൾ നടത്തിയിട്ടുള്ളത്. ആദിത്യ എൽ വൺ ലക്ഷ്യം കണ്ടാൽ അത് ഇന്ത്യയുടെ ബഹിരാകാശ ചരിത്രം മാറ്റിമറിക്കും. സൗര ദൗത്യത്തിൽ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.

Leave a Reply

Your email address will not be published. Required fields are marked *