News

സിദ്ദിക്കിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്, രൂക്ഷ വിമർശവുമായി ഹൈക്കോടതി

കൊച്ചി: നടൻ സിദ്ദിക്കിനെതിരായ പീഡന പരാതിയിൽ മുൻകൂർ ജാമ്യം നിക്ഷേധിച്ചതോടെ അറസ്റ്റിനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ഹൈക്കോടതി മുൻകൂർ ജാമ്യം നിക്ഷേധിച്ച സാഹചര്യത്തിലാണ് സിദ്ദിക്കിനെ കണ്ടെത്താനുള്ള തെരച്ചിൽ ആരംഭിച്ചത്. സിദ്ദിഖ് രാജ്യം വിടാനുള്ള സാധ്യത മുന്നിൽ കണ്ട് വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ മറ്റ് നിയമതടസങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് മേധാവി കൊച്ചി പൊലീസിന് നിര്‍ദേശം നല്‍കി.

സിദ്ദിഖിൻ്റെ ജാമ്യാപേക്ഷ തളളിയ കോടതി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. അന്വേഷണം മുന്നോട്ട് നീങ്ങാൻ സിദ്ദിഖിനെ കസ്റ്റഡിയിൽ വിടേണ്ടത് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. പരാതിക്കാരിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന പ്രവണത നല്ലതല്ലെന്നും അതിജീവന്മാണ് പ്രധാനമെന്നും കോടതി സൂചിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നിശബ്ദത പുലർത്തിയെന്നും കോടതി വിമർശിച്ചു. ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.

സിദ്ദിഖ് അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുന്‍പ് അറസ്റ്റ് ചെയ്യാനാണ് പൊലീസ് തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നതെന്നാണ് സൂചന. സിദ്ദിഖിൻ്റെ പടമുകളിലെ വീടും ആലുവയിലെ വീടും പൊലീസ് നിരീക്ഷണത്തിലാണെന്നാണ് വിവരം. ഇന്നലെ രാത്രി മുതല്‍ സിദ്ദിഖ് സംസാരിച്ച ഫോണ്‍ കോള്‍ വിവരങ്ങള്‍ പൊലീസ് സൈബര്‍ സെല്ലില്‍ നിന്ന് ശേഖരിച്ചു. അവസാനമായി സിദ്ദിഖിൻ്റെ ഫോണ്‍ സ്വിച്ച് ഓണ്‍ ആയിരുന്നത് പാലാരിവട്ടത്താണ്. അതിനാല്‍ കൊച്ചി കേന്ദ്രീകരിച്ച് വന്‍ തിരച്ചിലാണ് പൊലീസ് നടത്തുന്നത്.

അതേസമയം സിദ്ദിഖിനെതിരെ ശക്തമായ സാഹചര്യ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചുകഴിഞ്ഞെന്നാണ് അന്വേഷണ സംഘം കോടതിയെ ധരിപ്പിച്ചത്. 2016 ജനുവരി 27ന് രാത്രി 12 മണിക്കാണ് സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലെത്തിയതിനും 28ന് വൈകിട്ട് 5 മണിവരെ സിദ്ദിഖ് ഹോട്ടലിൽ തങ്ങിയതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പരാതിക്കാരിയായ പെണ്‍കുട്ടിയും ഇതേസമയം ഹോട്ടലില്‍ ഉണ്ടായിരുന്നതായി തെളിവുകൾ ഉണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അതിജീവിതമാര്‍ക്ക് കരുത്ത് നല്‍കുമെന്നും അതിജീവിതമാര്‍ക്ക് മുന്നോട്ട് പോകാനാകുമെന്നും കോടതി പറഞ്ഞു. കുറ്റകൃത്യത്തില്‍ സിദ്ദിഖിന് പ്രഥമ ദൃഷ്ട്യാ പങ്കുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തിൻ്റെ ഗുരുതര സ്വഭാവം, തെളിവുകള്‍ എന്നിവ കണക്കിലെടുത്താല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ അനിവാര്യമെന്നും കോടതി നിരീക്ഷിച്ചു. കേസിന്റെ ശരിയായ അന്വേഷണത്തിനും പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞു. പിന്നലെയാണ് അന്വേഷണ സംഘവും കൊച്ചി പൊലീസും സിദ്ദിഖിനെ തിരഞ്ഞ് ഇറങ്ങിയത്.

അതേസമയം പീഡന പരാതിയിൽ ഇന്ന് രാവിലെ മുകേഷിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ ലഭിച്ച മുകേഷിനെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *