News

പി.വി. അൻവർ വിഷയം യു.ഡി.എഫിന്റെ തീരുമാനം, അടഞ്ഞ അധ്യായം; വി.ഡി. സതീശൻ

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി.വി. അൻവറിന്റെ കാര്യത്തിൽ എടുത്ത തീരുമാനം തന്റേതല്ല, മറിച്ച് ഐക്യ ജനാധിപത്യ മുന്നണിയുടേതാണെന്ന് (യു.ഡി.എഫ്) പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫ് സ്ഥാനാർത്ഥിയെ പിന്തുണച്ചാൽ അൻവറിനെ അസോസിയേറ്റ് അംഗമാക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, സ്ഥാനാർത്ഥിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തിരുത്താൻ അൻവർ തയ്യാറായില്ലെന്നും സതീശൻ വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ വ്യക്തമാക്കി.

പി.കെ. കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയുമാണ് അൻവറുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയത്. ഒടുവിൽ ആ അധ്യായം അവസാനിപ്പിക്കാൻ അവർ തന്നെയാണ് നിർദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ പൈതൃകവും അഭിമാനവും ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

“തിരഞ്ഞെടുപ്പ്, പറയാനുള്ളത് ജനങ്ങളിലെത്തിക്കാനുള്ള അവസരമാണ്. എന്നെപ്പോലും വിസ്മയിപ്പിച്ച സംഘടനാസംവിധാനമുള്ള സ്ഥലമാണ് നിലമ്പൂർ. ആസൂത്രണം ചെയ്ത കാര്യങ്ങൾ കൃത്യമായി മുന്നോട്ടുപോകുന്നു,” അദ്ദേഹം പറഞ്ഞു. തന്റെ കർക്കശ നിലപാടുകൾ ചിലപ്പോൾ ദേഷ്യക്കാരനായി ചിത്രീകരിക്കാൻ ഇടയാക്കിയിട്ടുണ്ടാകാമെന്നും എന്നാൽ കോൺഗ്രസിൽ കഴിവുള്ള ഒരു രണ്ടാംനിര നേതൃത്വമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അൻവറുമായുള്ള കൂടിക്കാഴ്ചയിൽ രാഹുലിനെ (മാങ്കൂട്ടത്തിൽ) വ്യക്തിപരമായി ശാസിക്കേണ്ടി വന്നുവെന്നും സതീശൻ വെളിപ്പെടുത്തി. “എൻറെ നേട്ടം കൂടെ യുവനിരയുള്ളതാണ്. യുവനിര മുതിർന്നവരെ ബൈപാസ് ചെയ്തു പോകണമെന്നാണ് ആഗ്രഹം. അവരെ പെരുന്തച്ചൻ കോംപ്ലെക്‌സോടെ നോക്കില്ല,” അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് നേടാൻ കഴിയുന്ന പരമാവധി സീറ്റുകൾ നേടുകയാണ് ലക്ഷ്യമെന്നും മലബാറിൽ മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും സീറ്റുകൾ വർധിക്കുമെന്നും സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

യു.ഡി.എഫിന്റെ അടിത്തറ വിപുലമാക്കുന്ന വിസ്മയകരമായ ഒരു പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും എന്നാൽ അതിന്റെ സമയം ഇപ്പോൾ പറയാറായിട്ടില്ലെന്നും അദ്ദേഹം സൂചന നൽകി.

നിലമ്പൂരിൽ ബി.ജെ.പി-സി.പി.എം ധാരണയുണ്ടെന്നും സതീശൻ ആരോപിച്ചു. “ബി.ജെ.പി സ്ഥാനാർഥി മോഹൻ ജോർജ് കേരള കോൺഗ്രസ് അംഗമായിരുന്നില്ല. യു.ഡി.എഫ് വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്താമെന്ന് അവർ കരുതുന്നു, അത് വിലപ്പോവില്ല,” എന്നും അദ്ദേഹം പറഞ്ഞു.