അയോധ്യ ശ്രീരാമജന്മഭൂമി ക്ഷേത്രനിർമാണത്തിന് ആകെ ചെലവ് 1,800 കോടി രൂപ. സർക്കാരിൻറെ സഹായമോ, പൊതുഖജനാവിൽ നിന്നുള്ള പണമോ ക്ഷേത്ര നിർമാണത്തിനായി ഉപയോഗിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ക്ഷേത്ര നിർമാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്ര തള്ളി.

മൂന്ന് നിലകളിലായാണ് ക്ഷേത്രത്തിൻറെ രൂപ കൽപന. നിർമാണം നാഗര ശൈലിയിൽ. ആദ്യ നിലയിൽ രാംലല്ല വിഗ്രഹം പ്രതിഷ്ഠിക്കുന്ന ഗർഭഗൃഹം. 1,800 കോടി രൂപയാണ് ചെലവെന്ന് മിശ്ര മനോരമന്യൂസിനോട് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ക്ഷേത്രത്തിൻറെ നിർമാണത്തിനുള്ള പണം പൂർണമായും ഭക്തരിൽ നിന്ന് സമാഹരിച്ചതാണ്. 2,500 കോടി രൂപ ഇതിനോടകം ലഭിച്ചു. ചെറിയ സംഭാവനകളായി ധനസമാഹരണം നടത്തിയത് ക്ഷേത്രം രാജ്യത്തിൻറെ സ്വത്താണെന്ന സന്ദേശം നൽകാനാണ്.

ക്ഷേത്രത്തിന് ചുരുങ്ങിയത് ആയിരം വർഷത്തിലധികം ആയുസ് വേണമെന്നാണ് നിശ്ചയിച്ചിട്ടുള്ളത്. മഹാപ്രളയത്തെയും ഭൂകമ്പത്തെയും അതിജീവിക്കുന്നതാണ് നിർമിതി.