NationalNews

ഹരിയാനയിൽ ബിജെപിക്ക് മൂന്നാമൂഴം; സംശയം പ്രകടിപ്പിച്ച് കോൺഗ്രസ്

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മൂന്നാം തവണയും ഭരണം ഉറപ്പിച്ചു. മൊത്തം 90 സീറ്റുകളിൽ നടത്തിയ തെരഞ്ഞെടുപ്പിൽ 48 സീറ്റ് നേടിയാണ് ബിജെപി മൂന്നാം തവണയും അധികാരമുറപ്പിച്ചത്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകൾ വേണ്ടയിടത്ത് 48 എന്ന സുരക്ഷിച്ച സംഖ്യയാണ് ബിജെപി നേടിയത്. 37 സീറ്റുകൾ മാത്രമാണ് കോൺഗ്രസ് ഹരിയാനയിൽ നേടിയത്. നായബ്‌ സിംഗ് സെയ്‌നി തന്നെ വീണ്ടും ബിജെപി മുഖ്യമന്ത്രി ആകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

വോട്ട് എണ്ണി തുടങ്ങിയപ്പോൾ കോൺഗ്രസ് മുന്നിലായിരുന്നെങ്കിലും ലീഡ് നിലനിർത്താൻ കോൺഗ്രസിനായില്ല. എക്സിറ്റ് പോൾ കണക്കുകൾ അട്ടിമറിച്ചാണ് ബിജെപിയുടെ വിജയം. അതേസമയം ആം ആദ്മി മത്സര രംഗത്ത് സജീവമായിരുന്നെങ്കിലും കാര്യമായ ചലനമുണ്ടാക്കാനായില്ല.

കർഷകരുടെ വോട്ട് ബിജെപിക്കാണ് കിട്ടിയതെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു. ആദ്യ ഘട്ടത്തിൽ ആത്മവിശ്വാസത്തിൽ ആഘോഷം ഉൾപ്പെടെ ആരംഭിച്ച കോൺഗ്രസ് ക്യാമ്പുകൾ അവസാന ഘട്ടത്തിലേക്ക് വോട്ടെണ്ണൽ കടന്നപ്പോൾ ആഘോഷ പരിപാടികൾ നിർത്തിവെച്ചു. വിലയിരുത്തലുകളെല്ലാം അട്ടിമറിച്ച വിജയത്തിൽ ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സെയ്നിയെ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പ്രത്യേകം അഭിനന്ദിച്ചു.

അതേസമയം ഹരിയാന തെരഞ്ഞെടുപ്പിനെ കുറേക്കൂടി ഗൗരവത്തോടെ സമീപിക്കേണ്ടതിൻ്റെ പ്രാധാന്യം സൂചിപ്പിച്ച് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ നിസ്സാരമായി കാണരുതെന്നും അദ്ദേഹം പ്രവർത്തകരെ ഓർമിപ്പിച്ചു. അമിത ആത്മവിശ്വാസം കാണിക്കരുതെന്നാണ് ഈ തെരഞ്ഞെടുപ്പിൽ നിന്നുള്ള വലിയ പാഠമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഹരിയാന വിധി അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസ്‌ നേതാക്കൾ പറയുകയുണ്ടായി. ഇത് ജനാധിപത്യത്തിൻ്റെ വിജയമല്ലെന്ന് ​കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. തെരഞ്ഞെടുപ്പിലെ അപാകത സംബന്ധിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ജയറാം രമേശ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്ലോ‍ഡ് ചെയ്യാൻ വൈകിയതുൾപ്പെടെ ബാഹ്യ ഇടപെടൽ ഉണ്ടെന്ന് കോൺ​ഗ്രസ് പരാതി ഉന്നയിച്ചിരുന്നു. എന്നാൽ കമ്മീഷൻ ഈ പരാതി തള്ളി. കോൺ​ഗ്രസ് ആരോപണം ശരിവെക്കുന്ന ഒന്നും കണ്ടെത്തിയില്ലെന്നായിരുന്നു കമ്മീഷൻ്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *