KeralaPolitics

പള്ളിയുണ്ടെന്ന് പറഞ്ഞ് പി.വി. അന്‍വര്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവുനേടിയെന്ന് ആരോപണം

കോഴിക്കോട്: പി.വി. അന്‍വര്‍ എം.എല്‍.എ അനധികൃതമായി ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് നേടിയെന്ന് മലപ്പുറം ജില്ല വിവരാവകാശ കൂട്ടായ്മ കോഓഡിനേറ്റര്‍ കെ.വി. ഷാജി. ആദ്യ ഭാര്യ ഷീജയുടെ സ്ഥലത്ത് മുസ്‌ലിം പള്ളിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് നേടിയതെന്നും ആരോപണം.

ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് അന്‍വറിന്റെയും കുടുംബത്തിന്റെയും കൈവശമുള്ള മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരകമണ്ണ വില്ലേജില്‍ ഷീജയുടെ ഉടമസ്ഥതയിലുള്ള 18.78 സെന്റ് സ്ഥലത്ത് പള്ളിയും പീടികമുറിയുമുണ്ടെന്ന് പറഞ്ഞാണ് ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് അനുവദിച്ച് താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടത്. ഇത് വാസ്തവ വിരുദ്ധമാണ്.

അന്‍വറും രണ്ടാം ഭാര്യ ഹഫ്‌സത്തും ചേര്‍ന്ന് കക്കാടംപൊയിലില്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ണര്‍ഷിപ് ഡീഡിന്റെ പേരില്‍ വാങ്ങിയ 11 ഏക്കറിലും നിയമവിരുദ്ധമായ ഇളവനുവദിച്ചിട്ടുണ്ട്. പത്തുവര്‍ഷമായി ആദായനികുതി അടക്കാത്ത അന്‍വര്‍ 64.14 കോടിയുടെ ആസ്തിയുമായി സംസ്ഥാനത്തെ ഏറ്റവും സമ്പന്നനായ എം.എല്‍.എ ആയതെങ്ങനെയെന്ന് പരിശോധിക്കണം.

കെ.വി. ഷാജി

വഴിവിട്ട ഇളവ് അനുവദിച്ചിട്ടും 6.24 ഏക്കര്‍ മിച്ചഭൂമി സര്‍ക്കാറിലേക്ക് കണ്ടുകെട്ടാന്‍ ആഗസ്റ്റ് 26ന് താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടിരുന്നു. രണ്ടുമാസം കഴിഞ്ഞിട്ടും അന്‍വര്‍ സ്വമേധയാ മിച്ചഭൂമി സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുകയോ നിയമാനുസൃതം നടപടിയെടുക്കേണ്ട തഹസില്‍ദാര്‍മാര്‍ ഭൂമി കണ്ടുകെട്ടുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പി.വി. അന്‍വര്‍ എം.എല്‍.എയും കുടുംബവും കൈവശം വെച്ചിരിക്കുന്ന 6.24 ഏക്കര്‍ മിച്ച ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ താമരശ്ശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ഉത്തരവിട്ടത് രണ്ടുമാസം മുമ്പാണ്. അന്‍വര്‍ മിച്ചഭൂമി സ്വമേധയാ സര്‍ക്കാരിലേക്ക് നല്‍കണമെന്നും അല്ലാത്ത പക്ഷം ഒരാഴ്ച്ചക്കകം തഹസില്‍ദാര്‍മാര്‍ ഭൂമി കണ്ടുകെട്ടണമെന്നുമായിരുന്നു ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *