NationalNews

തെലങ്കാനയില്‍ ഫാക്ടറി ദുരന്തം; റിയാക്ടർ പൊട്ടിത്തെറിച്ച് മരണം 42-ലേക്ക്

ഹൈദരാബാദ്: തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി ഉയർന്നു. രക്ഷാപ്രവർത്തനത്തിനിടെ ചൊവ്വാഴ്ച കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയർന്നത്. തിങ്കളാഴ്ച രാത്രി 12 ആയിരുന്ന മരണസംഖ്യ, ചൊവ്വാഴ്ച രാവിലെയോടെ 34 ആവുകയും പിന്നീട് 42-ൽ എത്തുകയുമായിരുന്നു.

പശമൈലാറമിലുള്ള സിഗാച്ചി കെമിക്കൽ ഇൻഡസ്ട്രിയിൽ തിങ്കളാഴ്ചയാണ് റിയാക്ടർ പൊട്ടിത്തെറിച്ച് വൻ ദുരന്തമുണ്ടായത്. സ്ഫോടനത്തെ തുടർന്ന് ഫാക്ടറിയിൽ വൻ തീപിടിത്തവുമുണ്ടായി. “അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടെ നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന്റെ അവസാന ഘട്ടം ഇപ്പോഴും തുടരുകയാണ്,” ജില്ലാ പോലീസ് സൂപ്രണ്ട് പരിതോഷ് പങ്കജ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഇന്ന് രാവിലെ ദുരന്തസ്ഥലം സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അപകടം നടക്കുമ്പോൾ ഏകദേശം 90 ജീവനക്കാർ ഫാക്ടറിക്കുള്ളിൽ ഉണ്ടായിരുന്നതായി സംസ്ഥാന ആരോഗ്യമന്ത്രി ദാമോദർ രാജനരസിംഹ മാധ്യമങ്ങളോട് പറഞ്ഞു. “സ്ഫോടനത്തിൽ വ്യാവസായിക ഷെഡ് പൂർണ്ണമായും തകർന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ചില തൊഴിലാളികൾ 100 മീറ്ററോളം ദൂരേക്ക് തെറിച്ചുവീണു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻ‌ഡി‌ആർ‌എഫ്, ഹൈദ്ര, തെലങ്കാന ഫയർ ഡിസാസ്റ്റർ റെസ്‌പോൺസ് ടീമുകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം ഇപ്പോഴും വ്യക്തമല്ലെങ്കിലും, രാസപ്രവർത്തനമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ തെലങ്കാന ഗവർണർ ജിഷ്ണു ദേവ് വർമ്മ, അപകടത്തിൽപ്പെട്ടവർക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.