ഇന്ത്യന്‍ ജേഴ്‌സിയില്‍ സഞ്ജു സാംസണ്‍ സ്വന്തം മണ്ണില്‍ കളിച്ചേക്കും: സാധ്യതകള്‍ വര്‍ദ്ധിപ്പിച്ച് ബിസിസിഐ നീക്കങ്ങള്‍
അടുത്തമാസം ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ കളിക്കാന്‍ സാധ്യത. ലോകകപ്പ് ഫൈനലിന് ശേഷമുള്ള ട്വന്റി ട്വന്റി പരമ്പരയില്‍ സഞ്ജുവിന് അവസരം കിട്ടുമെന്നാണ് സൂചന. മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ ബിസിസിഐയില്‍ ധാരണയായിട്ടുണ്ട്.
സൂര്യകുമാര്‍ യാദവ് ഒഴികെയുള്ള പ്രധാന ബാറ്റര്‍മാര്‍ ഇല്ലാത്തതോടെ സഞ്ജുവിനെ മധ്യനിരയില്‍ പരിഗണിക്കാനാണ് സാധ്യത. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം മത്സരമാണ് തിരുവനന്തപുരം കാര്യവട്ടത്ത് നടക്കുക. ഓഗസ്റ്റില്‍ അയര്‍ലണ്ടിനെതിരെയുള്ള ട്വന്റി ട്വന്റിയിലാണ് സഞ്ജു അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്.
ഏഷ്യന്‍ ഗെയിംസില്‍ കളിച്ച റിങ്കു യാദവ്, റുതുരാജ് ഗെയ്ക്‌വാദ്, യെശ്വസ്വി ജെയ്‌സ്വാള്‍, തിലക് വര്‍മ്മ എന്നിവരും ടീമില്‍ ഇടംപിടിച്ചേക്കും.
സൂര്യകുമാറോ ഗെയ്ക്വാദോ നായകനാണ് സാധ്യത. രാഹുല്‍ദ്രാവിഡിന് പകരം വി.വി.എസ്. ലക്ഷ്മണ്‍ ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തില്‍ മുഖ്യ പരിശീലകനാകുമെന്നും സൂചനകളുണ്ട്. ഓസ്‌ട്രേലിയക്ക് ശേഷമുള്ള ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തും.